ദീപാവലി ഇന്ത്യൻ സിനിമ മേഖലയിലെ ആഘോഷങ്ങളുടെ കാലമാണ്. ഇത്തവണയും നിരവധി ചിത്രങ്ങളാണ് ദീപാവലി റിലീസായി തിയേറ്ററുകളിൽ എത്തിയത്. ഹിന്ദി ചിത്രങ്ങൾക്ക് പുറമേ നിരവധി ദക്ഷിണേന്ത്യൻ ചിത്രങ്ങളും ഇത്തവണത്തെ ദീപാവലി റിലീസിന് ഉണ്ടായിരുന്നു. ദക്ഷിണേന്ത്യയിൽ ദുൽഖർ സൽമാന്റെയും ശിവകാർത്തികേയന്റെയും എല്ലാം ചിത്രങ്ങൾ തമ്മിൽ കടുത്ത മത്സരം തന്നെ ഉണ്ടായപ്പോൾ അധികം ആരാലും ശ്രദ്ധിക്കപ്പെടാതെ തീയറ്ററുകളിൽ എത്തിയ ഒരു ചിത്രമാണ് ഇപ്പോൾ വലിയ ചർച്ചാവിഷയം ആയിരിക്കുന്നത്.
വലിയ പ്രമോഷനുകളോ പരസ്യങ്ങളോ ഒന്നുമില്ലാതെ തീയേറ്ററിൽ വന്ന ഒരു ദക്ഷിണേന്ത്യൻ ചിത്രം റിലീസ് ചെയ്ത് മൂന്ന് ദിവസങ്ങൾക്കുള്ളിൽ തന്നെ മുടക്ക് മുതൽ തിരിച്ചു പിടിച്ചിരിക്കുകയാണ്. പ്രേക്ഷകരുടെ നിരൂപക പ്രശംസ കൊണ്ടാണ് പെട്ടെന്ന് തന്നെ ഈ ചിത്രം സിനിമ പ്രേമികൾക്കിടയിൽ ശ്രദ്ധ നേടിയത്. വെറും മൗത്ത് പബ്ലിസിറ്റി കൊണ്ട് വെറും മൂന്ന് ദിവസത്തിനുള്ളിൽ മുടക്ക് മുതലായ 15 കോടി രൂപ തിരികെ പിടിച്ച ചരിത്രം സൃഷ്ടിച്ചിരിക്കുകയാണ് തെലുങ്ക് ചിത്രമായ ‘ക’.
യുവതാരം കിരണ്‍ അബ്ബാവാരത്തെ നായകനാക്കി സുജിത്ത്- സന്ദീപ് സംവിധാനം ചെയ്ത ചിത്രമാണ് ‘ക’. ദീപാവലിയോട് അനുബന്ധിച്ച് ഒക്ടോബര്‍ 31ന് തെലുങ്കിലെ നമ്പര്‍ 1 ദീപാവലി റിലീസ് ആയ ദുല്‍ഖര്‍ സല്‍മാന്‍റെ ലക്കി ഭാസ്കറിനോടൊപ്പമാണ് ‘ക’യും തിയറ്ററുകളില്‍ എത്തിയത്. എന്നാൽ ചിത്രം കണ്ട ചില സിനിമ പ്രേക്ഷകർ സമൂഹമാധ്യമങ്ങളിലൂടെ ഗംഭീര അഭിപ്രായം പറഞ്ഞപ്പോൾ തുടർന്നുള്ള രണ്ടു ദിവസങ്ങളിലായി ഈ ചിത്രത്തിന്റെ ഗതി തന്നെ മാറിമറിഞ്ഞു. ആദ്യ ദിനത്തിൽ ഏതാനും തിയറ്ററുകളിൽ മാത്രം പ്രദർശിപ്പിച്ചിരുന്ന ഈ സിനിമ ഇപ്പോൾ 190 ഓളം തിയറ്ററുകളിലേക്ക് എത്തിയിരിക്കുകയാണ്.
നിര്‍മ്മാതാക്കളായ ശ്രീചക്രാസ് എന്‍റര്‍ടെയ്ന്‍മെന്‍റ്സ് പുറത്തുവിട്ടിരിക്കുന്ന കണക്ക് പ്രകാരം 19.41 കോടിയാണ് ആദ്യ മൂന്ന് ദിനങ്ങളിലെ ചിത്രത്തിന്റെ കളക്ഷന്‍. പിരീഡ് ത്രില്ലര്‍ വിഭാഗത്തില്‍ പെടുന്ന ക എന്ന ഈ ചിത്രം സംവിധായകനോ നിർമ്മാതാക്കളോ പ്രതീക്ഷിക്കാത്തത്ര വലിയ ഹിറ്റായാണ് മാറിക്കൊണ്ടിരിക്കുന്നത്.
Discussion about this post