എറണാകുളം: നടിയും നിർമ്മാതാവുമായി സാന്ദ്രാ തോമസിനെതിരെ അച്ചടക്ക നടപടിയുമായി പ്രൊഡ്യൂസേഴ്‌സ് അസോസിയേഷൻ. സാന്ദ്രയെ സംഘടനയിൽ നിന്നും പുറത്താക്കി. മലയാള സിനിമയിലെ നിർമ്മാതാക്കളുടെ സംഘടനയ്‌ക്കെതിരെ സാന്ദ്ര പ്രത്യേക സംഘത്തിന് പരാതി നൽകിയിരുന്നു. ഇതിന് പിന്നാലെയാണ് സാന്ദ്രയെ പുറത്താക്കിയത്.
കത്തിലൂടെയാണ് സാന്ദ്രയ്‌ക്കെതിരെ നടപടി സ്വീകരിച്ച വിവരം അസോസിയേഷൻ പുറത്തുവിട്ടത്. ഹേമ കമ്മിറ്റി റിപ്പോർട്ടിന് പിന്നാലെ സാന്ദ്ര നടത്തിയ പല പ്രതികരണങ്ങളും സംഘടനയ്ക്കുള്ളിൽ കടുത്ത അതൃപ്തിയ്ക്ക് കാരണം ആയിരുന്നു. ഇതേചൊല്ലി സാന്ദ്രയും സംഘടനയിലെ മറ്റ് അംഗങ്ങളും തമ്മിൽ അസ്വാരസ്യവും ഉടലെടുത്തിരുന്നു. ഇതിനിടെയായിരുന്നു സാന്ദ്ര പരാതി നൽകിയത്. എറണാകുളം സെൻട്രൽ പോലീസിന് ലഭിച്ച പരാതിയിൽ കേസ് എടുത്തിരുന്നു. ഇതോടെ അതൃപ്തി ശക്തമായി. ഇതേ തുടർന്നായിരുന്നു പുറത്താക്കൽ നടപടി.
അതേസമയം പുറത്താക്കുമെന്ന് താൻ ഒട്ടും പ്രതീക്ഷിച്ചിരുന്നില്ലെന്ന് സാന്ദ്രാ തോമസ് പറഞ്ഞു. സിനിമയിൽ പവർ ഗ്രൂപ്പ ഉണ്ടെന്ന് തെളിഞ്ഞു. അതിൽ സ്ത്രീകൾ ഇല്ല. ലൈംഗിക ചുവയോടെ സംസാരിച്ചത് കൊണ്ടാണ് പരാതി നൽകിയത്. തന്നെ അപമാനിച്ചു. വനിതാ നിർമ്മാതാവായ തന്നെ അപമാനിച്ചതിനാണ് പോലീസിൽ പരാതിപ്പെട്ടത് എന്നും സാന്ദ്ര കൂട്ടിച്ചേർത്തു.
Discussion about this post