തിരുവനന്തപുരം: സംസ്ഥാനത്ത് തീവണ്ടികൾക്ക് നേരെ ബോംബ് ഭീഷണി. പാലക്കാട് നിന്നും തിരുവനന്തപുരത്തേയ്ക്ക് പോകുന്ന തീവണ്ടികൾക്ക് നേരെയാണ് ഭീഷണിയുണ്ടായത്. സംഭവത്തിൽ പ്രതിയെ പോലീസ് തിരിച്ചറിഞ്ഞിട്ടുണ്ട്.
പോലീസ് ആസ്ഥാനത്തേയ്ക്ക് ആണ് ഭീഷണി സന്ദേശം എത്തിയത്. തീവണ്ടികളിൽ ബോംബ് വച്ചിട്ടുണ്ടെന്നായിരുന്നു ഭീഷണി. സന്ദേശം ലഭിച്ചയുടൻ റെയിൽവേ പോലീസും ബോംബ് സ്‌ക്വാഡും തീവണ്ടികളിൽ പരിശോധന നടത്തി. എന്നാൽ സംശയാസ്പദമായ സാഹചര്യത്തിൽ ഒന്നും കണ്ടെത്താൻ പോലീസിന് കഴിഞ്ഞില്ല. ഇതോടെ സന്ദേശം വ്യാജമാണെന്ന് വ്യക്തമാകുകയായിരുന്നു.
ഇതിന് പിന്നാലെ പോലീസ് സന്ദേശം കേന്ദ്രീകരിച്ച് അന്വേഷണം നടത്തി. തുടർന്ന് പത്തനംതിട്ട സ്വദേശിയാണ് സംഭവത്തിന് പിന്നിൽ എന്ന് കണ്ടെത്തുകയായിരുന്നു. മദ്യലഹരിയിൽ ആണ് ഇയാൾ ഭീഷണി മുഴക്കിയത് എന്ന് പോലീസ് പറഞ്ഞു.
അതേസമയം സന്ദേശം വ്യാജമാണെങ്കിലും ജാഗ്രത തുടരുകയാണ് പോലീസ്. കൂടുതൽ തീവണ്ടികളിൽ ഇപ്പോഴും പരിശോധന തുടരുകയാണ്. റെയിൽവേ സ്‌റ്റേഷനുകളിൽ ജാഗ്രതാ നിർദ്ദേശം പുറപ്പെടുവിച്ചിട്ടുണ്ട്.
Discussion about this post