എറണാകുളം: നടൻ നിവിൻ പോളിയ്‌ക്കെതിരായ പീഡന പരാതി വ്യാജമെന്ന് പോലീസ്. കോതമംഗലം ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയിൽ സർപ്പിച്ച റിപ്പോർട്ടിലാണ് ഇക്കാര്യം ഉള്ളത്. നിവിൻ പോളിയ്‌ക്കെതിരായ ആരോപണം തെളിയിക്കുന്നതിനുള്ള തെളിവുകൾ ഒന്നും ലഭിച്ചിട്ടില്ലെന്നാണ് പോലീസ് വ്യക്തമാക്കുന്നത്.
സിനിമയിൽ അവസരം വാഗ്ദാനം ചെയ്ത് പീഡിപ്പിച്ചുവെന്നാണ് നിവിൻ പോളിയ്‌ക്കെതിരെ നേര്യമംഗലം സ്വദേശിനിയായ യുവതിയുടെ പരാതി. ഇതിൽ ആറാം പ്രതിയാണ് നിവിൻ പോളി. എന്നാൽ കൃത്യം നടന്ന സമയത്തോ ദിവസമോ നിവിൻ പോളി അവിടെ ഉണ്ടായിരുന്നില്ല. അതുകൊണ്ട് പരാതി വ്യാജമാണെന്നും റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.
പരാതിയിൽ ഡിവൈഎസ്പിയുടെ നേതൃത്വത്തിൽ ആയിരുന്നു അന്വേഷണം നടന്നത്. കേസിലെ മറ്റ് പ്രതികൾക്കായി അന്വേഷണം തുടരുമെന്നും റിപ്പോർട്ടിൽ പരാമർശം ഉണ്ട്.
ദുബായിൽ വച്ചാണ് പീഡനം നടന്നത് എന്നാണ് യുവതിയുടെ പരാതി. എന്നാൽ ഈ സമയം നിവിൻ പോളി കേരളത്തിൽ ഉണ്ടായിരുന്നു. പരാതിയിൽ പോലീസ് കേസ് എടുത്തതിന് പിന്നാലെ താൻ നിരപരാധിയാണെന്നും തനിയ്‌ക്കെതിരെ കെട്ടിച്ചമച്ച കേസ് ആണെന്നും നിവിൻ പോളി വ്യക്തമാക്കിയിരുന്നു. ഇത് സത്യമാണെന്ന് തെളിയിക്കുന്നതാണ് അന്വേഷണ റിപ്പോർട്ട്. സംഭവത്തിൽ യുവതിയെ ദുബായിൽ എത്തിച്ച ശ്രേയ എന്ന യുവതിയാണ് ഒന്നാം പ്രതി.
Discussion about this post