തിരുവനന്തപുരം; സംസ്ഥാനത്ത് പച്ചക്കറി-ഇറച്ചി വില കുത്തനെ ഉയരുന്നു. വെളുത്തുള്ളി വിലയിൽ വീണ്ടും വർധനവ് ഉണ്ടായി. ഇഞ്ചി, ചെറുനാരങ്ങ എന്നിവയുടെ വില 100ന് മുകളിലാണ്. പടവലം, വെള്ളരി, ബീറ്റ്റൂട്ട്, കാബേജ് എന്നീ പച്ചക്കറികൾ 30 രൂപയിൽ ലഭ്യമാണ്. ബീൻസ്, കാരറ്റ്, ചേന എന്നീ ഇനങ്ങൾക്ക് 50 രൂപയിൽ കൂടുതലാണ് വിപണിയിലെ വില. പയർ വില 70 രൂപയിൽ നിന്ന് 50 രൂപയായി കുറഞ്ഞു.
സവാളയ്ക്കാണ് വില കുത്തനെ ഉയരുന്നത്. കിലോയ്ക്ക് 70 രൂപവരെയാണ് സവാളവില. ഇതോട സവാള ചേർത്തുള്ള ഭക്ഷണസാധനങ്ങൾ ഉണ്ടാക്കാൻ മലയാളികൾ വീണ്ടുമൊന്ന് ആലോചിക്കുകയാണ്. പച്ചക്കറി വില കുടുംബബജറ്റിനെ താളം തെറ്റിക്കുന്നതോടൊപ്പം ഇറച്ചിവില വർദ്ധിക്കുന്നത് ഹോട്ടൽ വ്യാപാരത്തെയും ബാധിക്കുന്നുണ്ട്.
ബിരിയാണി മുതൽ ഓംലെറ്റ് വരെ സവാള ഇല്ലാത്ത ഒരു വിഭവം പോലും ഇല്ലാത്ത ഹോട്ടലുകളോ തട്ടുകടകളോ നമ്മുടെ നാട്ടിലില്ല. വില ഉയർന്നതോടെ ഹോട്ടൽ ഉടമകളും ചെറിയ കച്ചവടം നടത്തുന്ന തട്ടുകടക്കാരും വെട്ടിലായിരിക്കുകയാണ്. എന്തു വില കൊടുത്തും സവാള വാങ്ങി പാകം ചെയ്യേണ്ട സ്ഥിതിയിലാണ് എല്ലാവരും.ഉപഭോക്താക്കളുടെ നടുവൊടിച്ചുള്ള വിലക്കയറ്റം പിടിച്ചുനിർത്താൻ വിപണിയിൽ അടിയന്തിര നടപടി വേണമെന്നാണ് ആവശ്യം.
Discussion about this post