തിരുവനന്തപുരം: പൊതുപ്രവർത്തനം അവസാനിപ്പിക്കുകയാണെന്ന് കവിയും സാഹിത്യഅക്കാദമി പ്രസിഡന്റുമായ സച്ചിദാനന്ദൻ. ഫേസ്ബുക്ക് കുറിപ്പിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രഖ്യാപനം. ആരോഗ്യകാരണങ്ങൾ ചൂണ്ടിക്കാട്ടിയാണ് പൊതുജീവിതം അവസാനിപ്പിക്കുന്നത് എന്നാണ് അദ്ദേഹം പറയുന്നത്.
ഏഴ് വർഷം മുൻപ് തനിക്ക് താത്കാലിക മറവി രോഗം ബാധിച്ചിരുന്നു. ഇതേ തുടർന്നുള്ള ആരോഗ്യപ്രശ്‌നങ്ങൾ ഇപ്പോഴും തുടരുന്നുണ്ട്. മരുന്ന് കഴിച്ചിരുന്നതിനാൽ അസുഖം ഇനി വരില്ല എന്നാണ് കരുതിയിരുന്നത്. എന്നാൽ നവംബർ ഒന്നിന് അത് തിരികെ വന്നു. കഴിഞ്ഞ മാസം ധാരാളം പൊതുപരിപാടികൾ ഉണ്ടായിരുന്നു. എല്ലാറ്റിലും പങ്കെടുത്തതോടെ തനിക്ക് സ്‌ട്രെസ് ആയി. ഇനി കവിതയുമായി ബന്ധപ്പെട്ട പരിപാടികൾക്ക് മാത്രമേ പോകുള്ളുവെന്നും അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു.
ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണരൂപം
സുഹൃത്തുക്കളെ, ഞാൻ 7 വർഷം മുൻപു ഒരു താത്കാലികമറവി രോഗത്തിന് ( transient global amnesia) വിധേയനായിരുന്നു. അന്നുമുതൽ മരുന്നും ( Levipil 500, twice a day) കഴിക്കുന്നുണ്ട്. പിന്നീട് അത് വന്നിരുന്നില്ല. എന്നാൽ നവംബർ 1ന് പുതിയ രീതിയിൽ അത് തിരിച്ചുവന്നു. കാൽമരവിപ്പ്, കൈ വിറയൽ, സംസാരിക്കാൻ പറ്റായ്ക ഓർമ്മക്കുറവ്- ഇങ്ങിനെ അൽപംനേരം മാത്രം നിൽക്കുന്ന കാര്യങ്ങൾ. അഞ്ച് ദിവസമായി ആശുപത്രിയിൽ. ഒക്‌ബോർമാസം നിറയെ യാത്രകളും പരിപാടികളും ആയിരുന്നു. സ്‌ട്രെസ് ആണ് രണ്ടാം അവതാരത്തിന് പ്രധാന കാരണം എന്ന് ഡോക്ടർമാർ. അതുകൊണ്ട് പതുക്കെ പതുക്കെ പൊതുജീവിതം അവസാനിപ്പിക്കുന്നു. യാത്ര, പ്രസംഗം ഇവ ഒഴിവാക്കുന്നു. ക്രിസ്തുവും ബുദ്ധനും മുതൽ ആരുടെയും പ്രസംഗംകൊണ്ട് ലോകം നന്നായിട്ടില്ല.
അത് ഒരു സമയം പാഴാക്കുന്ന പരിപാടി മാത്രം എന്ന് 60 വർഷത്തെ അനുഭവം എന്നെ ബോധ്യപ്പെടുത്തി. അതുകൊണ്ട് എന്റെ ജീവൻ നിലനിർത്തുന്ന കവിതയുമായി ബന്ധപ്പെട്ട ചില പരിപാടികളിൽ മാത്രമേ ഇനി പങ്കെടുക്കൂ; ഈ ടേം കഴിയുംവരെ അക്കാദമിയുടെ ചില പരിപാടികളിലും. ദയവായി എന്നെ പൊതുയോഗങ്ങൾക്കു വിളിക്കാതിരിക്കുക. വന്നില്ലെങ്കിൽ ദയവായി പരിഭവമില്ലാതെ അംഗീകരിക്കുക. ഓർമ്മയും വായനയും ഭാവനയും ഉള്ളിടത്തോളം ഞാൻ എഴുതും. എപ്പോൾ വേണമെങ്കിലും അവ ഇല്ലാതാകാം.
Discussion about this post