അബുദാബി: രാജ്യത്തെ ജലക്ഷാമത്തിന് പരിഹാരം കാണാൻ എഐ സാങ്കേതിക വിദ്യയുടെ സഹായം തേടി യുഎഇ. കൃത്രിമ മഴ പെയ്യിക്കുന്നതിനുള്ള ക്ലൗഡ് സീഡിംഗ് കൂടുതൽ കാര്യക്ഷമമാക്കുന്നതിന് വേണ്ടിയാണ് എഐ സാങ്കേതിക വിദ്യ ഉപയോഗപ്പെടുത്തിയിരിക്കുന്നത്. ഇതുവഴി രാജ്യത്ത് അധിക മഴ ലഭ്യമാക്കുകയാണ് യുഎഇ ലക്ഷ്യമിടുന്നത്. നിരവധി പ്രദേശങ്ങളിൽ ഇതിനോടകം തന്നെ ഈ സാങ്കേതിക വിദ്യ ഉപയോഗിച്ചുള്ള ക്ലൗഡ് സീഡിംഗ് പൂർത്തിയായിട്ടുണ്ട്.
അബുദാബിയിലെ നാഷണൽ സെന്റർ ഓഫ് മെറ്റീരിയോളജിയാണ് ഇക്കാര്യം അറിയിച്ചത്. മേഘങ്ങളെ കൃത്യമായി തിരിച്ചറിഞ്ഞ് മഴ പെയ്യിക്കുന്നതിന് വേണ്ടിയാണ് എഐ സാങ്കേതിക വിദ്യ പ്രയോജനപ്പെടുത്തുന്നത് എന്ന് നാഷണൽ സെന്റർ ഓഫ് മെറ്റീരിയോളജി ഡെപ്യൂട്ടി ഡയറക്ടർ ജനറൽ ഒമർ അൽ യസീദി പറഞ്ഞു. മേഘങ്ങൾക്ക് വലിയ ആയുസില്ല. അതുകൊണ്ട് തന്നെ അവയെ തിരിച്ചറിഞ്ഞ് ക്ലൗഡ് സീഡിംഗ് നടത്തി എഐ സാങ്കേതിക വിദ്യയുടെ സഹായത്തോടെ മഴ പെയ്യിക്കുകയാണ് ചെയ്യുന്നത്. നേരത്തെ ഈ പ്രവർത്തനങ്ങളെല്ലാം മനുഷ്യരുടെ സഹായത്തോടെയായിരുന്നു നടത്തിയിരുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.
മേഘങ്ങളെ കൃത്യമായി കണ്ടെത്തുക പ്രയാസകരമാണ്. എന്നാൽ എഐ ഉപയോഗിച്ച് മേഘങ്ങളുടെ കൃത്യസ്ഥലങ്ങൾ കണ്ടെത്താം. ഇതിന് പുറമേ എഐ സാങ്കേതിക വിദ്യ കാലാവസ്ഥയിലെ മാറ്റങ്ങൾ ഫലപ്രദമായി തിരിച്ചറിയുന്നതിനും സഹായിക്കും. ഇത് ക്ലൗഡ് സീഡിംഗ് കൂടുതൽ എളുപ്പമാകും. നിലവിൽ സെൻസറുകളും എഐ സംവിധാനങ്ങളും ഘടിപ്പിച്ച ഡ്രോണുകളാണ് ക്ലൗഡ് സീഡിംഗിനായി ഉപയോഗിക്കുന്നത് എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അതേസമയം ക്ലൗഡ് സീഡിംഗ് വഴി ജലക്ഷാമം ഒരു പരിധിവരെ പരിഹരിക്കാൻ രാജ്യത്തിന് കഴിയുന്നുണ്ട്. ക്ലൗഡ് സീഡിംഗ് ദൗത്യങ്ങൾ വഴി 84 മുതൽ 419 ദശലക്ഷം ക്യുബിക് മീറ്റർവരെ വെള്ളം ഉറപ്പുവരുത്താൻ കഴിയുന്നുണ്ട്. ക്ലൗഡ് സീഡിംഗിനായി ഓരോ മണിക്കൂറിലും 29,000 ദിർഹം ആണ് രാജ്യം ചിലവിടുന്നത്.
Discussion about this post