ഉമയോടും നടനമാടുന്ന ബാലനായ സ്കന്ദനോടുമൊപ്പം വിരാജിക്കുന്ന ശിവഭഗവാൻ്റെ സങ്കല്പത്തെ മനോഹരമായി ആവിഷ്‌കരിച്ചിരിക്കുന്ന രൂപമാണ് സോമാസ്കന്ദ മൂർത്തി. ‘സ- ഉമാ- സ്കന്ദ’, ഉമയോടും സ്കന്ദനോടും കൂടിയ എന്ന അർത്ഥത്തിലാണ് ഈ മൂർത്തീ സങ്കല്പത്തിന് സോമാസ്കന്ദ എന്ന വിശേഷണം കൈവരുന്നത്.
പല്ലവ രാജവംശത്തിൻ്റെ കാലഘട്ടത്തിൽ, ആറ് മുതൽ എട്ടാം നൂറ്റാണ്ടുകളിൽ ആണ് ദക്ഷിണേന്ത്യയിൽ സോമസ്കന്ദ രൂപങ്ങൾ പ്രചാരത്തിൽ വരുന്നത്. കൂടാതെ ചോഴ, പാണ്ഡ്യ, വിജയനഗര സാമ്രാജ്യങ്ങളുടെ ഭരണ കാലഘട്ടത്തിൽ നിന്നും ഈ ആവിഷ്കാരം കണ്ടെടുത്തിട്ടുണ്ട്. വെങ്കലത്തിലും ശിലയിലുമാണ് പുരാതനമായ സോമാസ്കന്ദ പാനലുകൾ ശില്പികൾ പണികഴിക്കുന്നത്.
മിക്ക ശിവ ക്ഷേത്രങ്ങളിലും ഗർഭഗൃഹത്തിൽ ശിവലിംഗത്തിന് മാത്രമാണ് സ്ഥാനമുള്ളത്. എന്നാൽ പല്ലവ രാജാക്കന്മാർ പണികഴിപ്പിച്ച ശിവ ക്ഷേത്രങ്ങളുടെ മാത്രം പ്രത്യേകതയാണ് ഗർഭഗൃഹങ്ങളിലെ ഭിത്തികളിൽ കാണുന്ന സോമാസ്കന്ദ രൂപം. ശില്പങ്ങളിലെ ആഭരണങ്ങളും വസ്ത്രങ്ങളുടെ വിതാനവും അനുസരിച്ച് സോമാ സ്കന്ദ മൂർത്തീ രൂപം രണ്ട് തരത്തിലാണ് ഉള്ളത്. പല്ലവ രാജാവ് രാജസിംഹന് മുന്നെ ( Pre- Rajasimha style), രാജസിംഹൻ്റെ കാലഘട്ടം (Rajasimha style) എന്നിങ്ങനെ രണ്ട് തരത്തിലാണ് ശൈലിയിലുള്ള വ്യത്യാസം പ്രകടമാവുന്നത്.
രാജസിംഹ കാലഘട്ടത്തിന് മുന്നേ ഉള്ള സോമാസ്കന്ദ സങ്കല്പത്തിൽ എടുത്ത് പറയേണ്ടതാണ് പ്രശസ്തമായ മഹാബലിപുരം ധർമ്മരാജ രഥത്തിലെ ശിലാരൂപം. ജ്ഞാന വാണി ഉരുവിടുന്ന മഹേശ്വരനും, അത് ഗ്രഹിക്കാൻ എന്ന വണ്ണം തൻ്റെ ഒരു കൈ കൊണ്ട് വലതു ചെവി വട്ടം പിടിച്ച് മറു കൈകൊണ്ട് സ്കന്ദൻ്റെ അരക്കെട്ടിൽ ചുറ്റിപ്പിടിക്കുന്ന ഉമയും സ്‌കന്ദൻ്റെ ധ്വജത്തിലെ അടയാളമായ കോഴി എന്ന് അനുമാനിക്കാവുന്ന വിധം ഒരു പക്ഷിയെയും ഈ ആവിഷ്കാരത്തിൽ കാണാം.
ധർമ്മരാജ രഥത്തിലെ മഹേശ്വരൻ തൻ്റെ വലതു കാൽ താഴേക്ക് നീട്ടി ഇരിക്കുമ്പോൾ രാജസിംഹ കാലഘട്ടത്തിൽ രാജ ലീലാസനത്തിൽ ഇരിക്കുന്ന മഹേശ്വരൻ തൻ്റെ ഇടത് കാൽ താഴേക്ക് നീട്ടി ഇരിക്കുന്നതായി കാണാം.
മകര കുണ്ഡലങ്ങൾ അണിഞ്ഞ് നാലു ഹസ്തങ്ങളുമായി വിരാജിക്കുന്ന ശിവ ഭഗവാൻ, പത്ര കുണ്ഡലങ്ങൾ അണിഞ്ഞ ഉമയ്ക്ക് മുകളിലായി ഛത്രവും കാണാം. ഉമയുടേത് പോലെ തന്നെയുള്ള മുടിക്കെട്ടാണ് ബാല രൂപത്തിലുള്ള സ്കന്ദനും.
ധർമ്മരാജ രഥത്തിനും രാമാനുജ മണ്ഡപത്തിനും പുറമെ രാജസിംഹനു മുന്നേയുള്ള കാലഘട്ടത്തിലെ സോമാസ്കന്ദ ശിൽപം കാണാൻ കഴിയുന്ന ക്ഷേത്രം തിരുക്കലുകുൻ്റ്റ ത്തിലെ കുന്നിൻ മുകളിലെ പ്രസിദ്ധമായ വേദഗിരിശ്വര ക്ഷേത്രത്തിലാണ്. മഹാബലി പുരം ഷോർ ടെംപിളിൽ അടക്കം നാൽപ്പതോളം വിഗ്രഹങ്ങൾ രാജസിംഹ ശൈലിയിൽ ലഭിച്ചിട്ടുണ്ട്.
ചോഴ രാജാവായ രാജാധിരാജൻ ഒന്നാമൻ്റെ ലിഖിതങ്ങളിൽ ‘ഉമാ സ്കന്ദ സഹിതം’ എന്നും മറ്റു ചില ലിഖിതങ്ങളിൽ ശിവഭഗവാനെ ‘പശുപതി’ എന്നും ഉമയെ ‘മലൈമകൾ’ എന്നും സ്കന്ദനെ ‘ഗുഹൻ’ എന്നും രേഖപ്പെടുത്തി കാണാം. കുമാരവേൽ എന്നും സോമസ്കന്ദത്തിലെ മുരുകന് പേരുണ്ട്.കൊട്രവൈയും മുരുകനും തന്നെയാണ് ഇവിടെ ഉമയും സ്കന്ദനും.
ശിവ ക്ഷേത്രങ്ങളിൽ പുറത്തേക്ക് എഴുന്നള്ളിച്ച് കൊണ്ട് വരുന്ന ഉത്സവ മൂർത്തി സങ്കൽപ്പത്തിലുള്ള സോമാ സ്കന്ദ രൂപങ്ങളും ധാരാളമാണ്.
ഇവയിൽ ഇടതുകാൽ മടക്കി ലളിതാസനത്തിൽ ഇരിക്കുന്ന ശിവഭഗവാൻ്റെ മുകളിലെ കർത്തരീമുഖ ഹസ്തങ്ങളിൽ വലത്തേതിൽ അങ്കുശവും ഇടത്തേതിൽ മാനുമാണ്. താഴെ കരങ്ങൾ വലത്ത് പതാക മുദ്രയിലും ഇടത്ത് കപിത്ഥ മുദ്രയിലും ആണ്.
കരങ്ങൾ കപിത്ഥ മുദ്രയിൽ പിടിച്ച് വലതു കാൽ മടക്കി ലളിതാസനസ്ഥിത ആയിരിക്കുന്ന നിലയിലാണ് പാർവതീ ദേവി. നടുക്കായി സ്കന്ദൻ അരമണ്ഡലത്തിൽ കർത്തരീമുഖ മുദ്രയിൽ വലതുകയ്യിൽ ശക്തിയും ഇടതുകൈയിൽ വജ്രവും പിടിച്ച് നൃത്തമാടുന്ന രൂപത്തിൽ സ്ഥിതി ചെയ്യുന്നു.
തമിഴ്‌നാട് പോലീസിൻ്റെ ഐഡോൾ വിംഗ്, യു.എസിലെ ഏഷ്യൻ ആർട്ട് മ്യൂസിയത്തിൽ പുരാതന ലോഹമായ സോമാസ്‌കന്ദ വിഗ്രഹം കണ്ടെത്തിയത് ഈയിടെ വാർത്ത ആയിരുന്നു. കാഞ്ചീപുരത്തെ ഏകാംബരേശ്വര ക്ഷേത്രത്തിലെ പുരാതന വെങ്കല വിഗ്രഹമാണിത് എന്ന് തെളിയിക്കുന്ന ലിഖിതത്തോട് കൂടിയതാണ് ഈ ശിൽപം.
ശിവനും ഉമയ്ക്കും ഇടയിൽ സ്കന്ദനെ പ്രതിനിധീകരിക്കുന്നത് പ്രധാനമായും കുടുംബ ജീവിതത്തിൽ കുട്ടിയുടെ പ്രാധാന്യം ഊന്നിപ്പറയുവാൻ കൂടിയാണ്. പുറനാനൂറും തിരുക്കുറയും പോലുള്ള തമിഴ് കൃതികളും സന്തോഷകരവും സൗഹാർദ്ദപരവുമായ ഒരു സമൂഹത്തിന് കുട്ടികൾക്ക് നൽകേണ്ട പ്രാധാന്യത്തെ ഊന്നിപ്പറയുന്നു. ശൈവ സിദ്ധാന്തം പ്രകീർത്തിക്കുന്ന 64 തിരു വിളയാടലുകളിൽ ഒന്നു കൂടിയാണ് സോമാസ്കന്ദ മൂർത്തീ സങ്കല്പം.
സത്തും ചിത്തും ആനന്ദവും തമ്മിലുള്ള സമ്മേളനമായും ഇച്ഛാ ശക്തി, ജ്ഞാന ശക്തി, ക്രിയാ ശക്തികളുടെ സമന്വയമായും വിരാജിക്കുന്ന സോമാസ്കന്ദ മൂർത്തീ സങ്കല്പം ശിവകുടുംബ ആവിഷ്‌കാരം സംബന്ധിച്ച പഠനങ്ങളിൽ ഏറെ പ്രധാന്യം അർഹിക്കുന്നു.
Discussion about this post