കണ്ണൂർ : മുത്തപ്പന്റെ ചിത്രം വരച്ച് മുത്തപ്പന്റെ തന്നെ ശ്രദ്ധ പിടിച്ചുപറ്റി അനുഗ്രഹം നേടിയ ഒരു കുഞ്ഞാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ താരമാകുന്നത്. പുത്തൂർ നാറോത്തുംചാൽ മുണ്ട്യ ക്ഷേത്രത്തിനു സമീപത്തെ ഒരു വീട്ടിൽ വച്ച് നടന്ന വെള്ളാട്ട ചടങ്ങിനിടയിലാണ് ഈ വികാരനിർഭരമായ രംഗങ്ങൾ അരങ്ങേറിയത്. അയൽവാസിയായ നവദേവ് എന്നെ കൊച്ചുമിടുക്കനാണ് മുത്തപ്പന്റെ മനോഹരമായ ചിത്രം വരച്ചു കൊണ്ട് ശ്രദ്ധ നേടിയത്.
മുത്തശ്ശിയോടൊപ്പം അയൽ വീട്ടിലെ വെള്ളാട്ടം കാണാൻ എത്തിയതായിരുന്നു നവദേവ്. ചിത്രരചനയിൽ താല്പര്യമുള്ളതിനാൽ തലേദിവസം തന്നെ മുത്തപ്പന്റെ ഒരു ചിത്രവും വരച്ചു സൂക്ഷിച്ചു. വെള്ളാട്ടത്തിന് പോകുമ്പോൾ താൻ വരച്ച ഈ ചിത്രവും എടുത്ത് പോക്കറ്റിൽ വച്ചു. ചടങ്ങിനിടയിൽ ഒരു സംശയം, താൻ വരച്ച ചിത്രം പോലെ തന്നെയാണോ ഈ മുത്തപ്പൻ എന്ന്. അതോടെ ഇടയ്ക്കിടെ പോക്കറ്റിൽ നിന്നും ചിത്രം എടുത്ത് സൂക്ഷിച്ചു നോക്കുകയും ചെയ്തു.
നവദേവിന്റെ ഈ പ്രവൃത്തി വെള്ളാട്ടത്തിനിടയിൽ മുത്തപ്പന്റെ ശ്രദ്ധയിൽ പെടുകയും ചെയ്തു. തുടർന്ന് ചടങ്ങ് കഴിഞ്ഞതോടെ വേഷധാരിയായ സനീഷ് പണിക്കർ നവദേവിനടുത്തെത്തി ചിത്രം കാണിക്കാൻ ആവശ്യപ്പെട്ടു. ഈ കുഞ്ഞു പ്രായത്തിൽ തന്നെ മുത്തപ്പനെ തന്നാലാകും വിധം മനോഹരമായി വരച്ച ആ കുഞ്ഞു കലാകാരനെ ചേർത്തണച്ച് അനുഗ്രഹിച്ചു. കണ്ണീരോടെയായിരുന്നു നവദേവ് തന്റെ മുത്തപ്പന്റെ അനുഗ്രഹം ഏറ്റുവാങ്ങിയത്. ദക്ഷിണയായി തനിക്ക് ലഭിച്ച പണത്തിൽ നിന്നും നവദേവിന് വീണ്ടും ചിത്രങ്ങൾ വരയ്ക്കാനുള്ള നിറം വാങ്ങുന്നതിനായുള്ള പണം കൂടി നൽകിയാണ് മുത്തപ്പൻ യാത്ര പറഞ്ഞത്.
Discussion about this post