കൊല്ലം: കുളത്തൂപ്പുഴയിൽ മൂന്നര വയസ്സുകാരിയെ പീഡിപ്പിച്ച കേസിൽ പ്രതി അറസ്റ്റിൽ. കുളത്തൂപ്പുഴ സ്വദേശിയായ ഇരുപതുകാരൻ ആണ് അറസ്റ്റിലായത്. കുട്ടിയുടെ പിതാവിന്റെ സഹോദരൻ ആണ് പ്രതി. ഇയാളെ വിശദമായി ചോദ്യം ചെയ്തുവരികയാണ്. വൈദ്യപരിശോധനയ്ക്ക് ശേഷം ഇയാളെ കോടതിയിൽ ഹാജരാക്കി. ഇന്നലെയാണ് ഇയാളുടെ അറസ്റ്റ് രേഖപ്പെടുത്തിയത്.
കഴിഞ്ഞ ആറ് മാസമായി പ്രതി കുട്ടിയെ പീഡിപ്പിച്ച് വരികയായിരുന്നു. അസുഖത്തെ തുടർന്ന് കുട്ടിയുടെ അമ്മ ചികിത്സയിൽ ആയിരുന്നു. ഈ കാലയളവിലാണ് പ്രതി കുട്ടിയെ പീഡിപ്പിച്ചത് എന്നാണ് പോലീസ് പറയുന്നത്. അടുത്തിടെ പ്രതി കുട്ടിയെ പീഡിപ്പിക്കുന്ന വിവരം വീട്ടുകാർക്ക് ലഭിച്ചിരുന്നു. എന്നാൽ ഇവർ മറച്ചുവയ്ക്കുകയായിരുന്നു.
അടുത്തിടെ ആശവർക്കാർ എങ്ങനെയോ ഇക്കാര്യം അറിഞ്ഞു. തുടർന്ന് ഇവരാണ് വിവരം ചൈൽഡ് ലൈൻ വഴി പോലീസിനെ അറിയിച്ചത്. ചൈൽഡ് ലൈൻ പ്രവർത്തകർ കുട്ടിയെ ആശുപത്രിയിൽ ചികിത്സയ്ക്ക് വിധേയയാക്കിയിരുന്നു. ഇതിൽ കുട്ടി പീഡിപ്പിക്കപ്പെട്ടതായി വ്യക്തമാകുകയായിരുന്നു. ഇതോടെ പോലീസ് കേസ് രജിസ്റ്റർ ചെയ്തു.
പോക്‌സോ, ബലാത്സംഗം എന്നീ വകുപ്പകൾ പ്രകാരം ആണ് പോലീസ് കേസ് എടുത്തിട്ടുള്ളത്. സംഭവത്തിൽ വിശദമായ അന്വേഷണം പുരോഗമിക്കുകയാണെന്ന് പോലീസ് അറിയിച്ചു.
Discussion about this post