ആശുപത്രികളിൽ പോകുമ്പോൾ പരിശോധനയ്ക്ക് മുൻപ് ഒപി ടിക്കറ്റ് എടുക്കുക എന്നത് വലിയൊരു കടമ്പയാണ്. കുറോയധികം സമയം ക്യൂനിന്നാലേ പലപ്പോഴും ഒപി ടിക്കറ്റ് കയ്യിൽ കിട്ടുകയുള്ളൂ. എന്നാലീ പ്രശ്‌നത്തിനും ഇപ്പോൾ പരിഹാരം കാണാൻ ശ്രമിക്കുകയാണ് ആരോഗ്യവകുപ്പ്.
80 താലൂക്ക്, ജില്ല, ജനറൽ ആശുപത്രികളിൽ കൂടി ഇ ഹെൽത്ത് സംവിധാനം വഴി ഓൺലൈൻ അപ്പോയ്‌മെന്റ് എടുക്കുവാനുള്ള സംവിധാനം അന്തിമ ഘട്ടത്തിലാണ്. മുഴുവൻ ആശുപത്രികളും ഇ ഹെൽത്ത് സംവിധാനം നടപ്പിലാക്കുകയാണ് ലക്ഷ്യമെന്നും മന്ത്രി വീണജോർജ് വ്യക്തമാക്കിയിരിക്കുകയാണ്.
സംസ്ഥാനത്ത് നിരവധി പേരാണ് ഇ ഹെൽത്ത് സംവിധാനം പിന്തുടരുന്നത്. ഇ ഹെൽത്തിലൂടെ ഓൺലൈൻ ഒപി ടിക്കറ്റും പേപ്പർരഹിത ആശുപത്രി സേവനങ്ങളും ലഭ്യമാകുന്നു.ആശുപത്രിയിൽ ക്യൂ നിൽക്കാതെ നേരത്തെ തന്നെ ഒപി ടിക്കറ്റ് എടുക്കാനും ഈ സംവിധാനത്തിലൂടെ സാധിക്കുന്നു. തുടർ ചികിത്സ തേടണമെങ്കിൽ ആശുപത്രിയിൽ നിന്നും തന്നെ അഡ്വാൻസ് ടോക്കൺ എടുക്കാനുള്ള സംവിധാനവും സജ്ജമാണ്. ഇതിലൂടെ കാത്തിരിപ്പ് വളരെ കുറയ്ക്കാനാകും.
ഇതുവരെ 1.93 കോടിയിലധികം ജനങ്ങൾ ഇ ഹെൽത്തിലൂടെ സ്ഥിര യുഎച്ച്‌ഐഡി രജിസ്ട്രേഷൻ എടുത്തു കഴിഞ്ഞു.. താത്ക്കാലിക രജിസ്‌ട്രേഷനിലൂടെ 5.24 കോടിയിലധികമാണ് ചികിത്സ തേടിയത്.
ഇ ഹെൽത്ത് വഴിയുള്ള സേവനങ്ങൾ ലഭിക്കാനായി നമ്മൾ ആദ്യമായി തിരിച്ചറിയൽ നമ്പർ സൃഷ്ടിക്കേണ്ടതുണ്ട്. ഇതിനായി https://ehealth.kerala.gov.in എന്ന പോർട്ടലിൽ കയറി രജിസ്റ്റർ ലിങ്ക് ക്ലിക്ക് ചെയ്യണം. അതിൽ ആധാർ നമ്പർ നൽകുക. തുടർന്ന് ആധാർ രജിസ്റ്റർ ചെയ്ത നമ്പരിൽ ഒടിപി വരും. ഈ ഒടിപി നൽകുമ്പോൾ ഓൺലൈൻ വ്യക്തിഗത ആരോഗ്യ തിരിച്ചറിയൽ നമ്പർ ലഭ്യമാകും. ഇത് പോർട്ടൽ വഴി ഡൌൺലോഡ് ചെയ്യാവുന്നതാണ്.
ആദ്യതവണ ലോഗിൻ ചെയ്യുമ്പോൾ ഇത്തരത്തിലുള്ള 16 അക്ക വ്യക്തിഗത ആരോഗ്യ തിരിച്ചറിയൽ നമ്പറും പാസ് വേർഡും മൊബൈലിൽ മെസേജായി ലഭിക്കും. ഈ തിരിച്ചറിയൽ നമ്പറും പാസ് വേർഡും ഉപയോഗിച്ച് ആശുപത്രികളിലേക്കുള്ള നിശ്ചിത തീയതിയിലും സമയത്തുമുള്ള അപ്പോയ്മെന്റ് എടുക്കാൻ സാധിക്കും.
അപ്പോയ്‌മെന്റ് എടുക്കാൻ
ലഭിച്ച തിരിച്ചറിയൽ നമ്പരും പാസ് വേർഡും ഉപയോഗിച്ച് പോർട്ടലിൽ ലോഗിൻ ചെയ്ത ശേഷം ന്യൂ അപ്പോയ്മെന്റ് ക്ലിക്ക് ചെയ്യുക. റെഫറൽ ആണെങ്കിൽ ആ വിവരം രേഖപ്പെടുത്തിയ ശേഷം ആശുപത്രി വിവരങ്ങളും ഡിപ്പാർട്ട്മെന്റും തെരഞ്ഞെടുക്കുക. തുടർന്ന് അപ്പോയ്മെന്റ് വേണ്ട തീയതി തെരഞ്ഞെടുക്കുമ്പോൾ ആ ദിവസത്തിൽ ലഭ്യമായ ടോക്കണുകൾ ദൃശ്യമാകും. രോഗികൾ അവർക്ക് സൗകര്യപ്രദമായ സമയമനുസരിച്ചുള്ള ടോക്കൺ എടുക്കാവുന്നതാണ്. തുടർന്ന് ടോക്കൺ പ്രിന്റും എടുക്കാവുന്നതാണ്. ടോക്കൺ വിവരങ്ങൾ എസ്എംഎസ്. ആയും ലഭിക്കുന്നതാണ്. ഇത് ആശുപത്രിയിൽ കാണിച്ചാൽ മതിയാകും. പോർട്ടൽ വഴി അവരുടെ ചികിത്സാവിവരങ്ങൾ, ലാബ് റിസൾട്ട്, പ്രിസ്‌ക്രിപ്ഷൻ എന്നിവ ലഭ്യമാവുന്നതാണ്.
Discussion about this post