ഇടുക്കി: ജില്ലയുടെ ടൂറിസം മേഖലയ്ക്ക് കരുത്ത് പകരാൻ ആദ്യ ജലവിമാനം എത്തുന്നു. തിങ്കളാഴ്ചയാണ് മൂന്നാറിലെ മാട്ടുപ്പെട്ടി ജലാശയത്തിൽ ജലവിമാനത്തിന്റെ ആദ്യ പരീക്ഷണം സംഘടിപ്പിക്കുക. ഇടുക്കിയുടെ ചരിത്രത്തിൽ തന്നെ ആദ്യമായിട്ടാണ് ജലവിമാനം എത്തുന്നത്. തിങ്കളാഴ്ച രാവിലെ 11 മണിയോടെ നടക്കുന്ന പരിപാടിയിൽ ജലവിഭവവകുപ്പ് മന്ത്രി റോഷി അഗസ്റ്റിനും എംഎൽഎമാരും പങ്കെടുക്കും.
കെഎസ്ഇബിയുടെ പള്ളിവാസൽ ജലവൈദ്യുത പദ്ധതിയുടെ ഭാഗമായുള്ള ജലാശയം ആണ് മാട്ടുപ്പെട്ടി. ജലവിമാനത്തിന്റെ പരീക്ഷണ പറക്കൽ കൊച്ചി ബോൾഗാട്ടി പാലസിൽ അന്നേ ദിവസം രാവിലെ ഒൻപതരയ്ക്ക് നടത്തും. പൊതുമരാമത്ത് വതുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസ് ആണ് ഈ പരീക്ഷണ പറക്കൽ ഫ്‌ളാഗ് ഓഫ് ചെയ്യുക. മാട്ടുപ്പെട്ടി ജലാശയത്തിൽ എത്തുന്ന വിമാനം റോഷി അഗസ്റ്റിനാണ് സ്വാഗതം ചെയ്യുക.
ജലവിമാനങ്ങൾക്ക് കരയിലും വെള്ളത്തിലും ഇറങ്ങാനും പറന്ന് ഉയരാനും കഴിയും. ഇടുക്കിയിലെ പരീക്ഷണം വിജയിച്ചാൽ ടൂറിസം മേഖലയിൽ നിർണായക ചുവടുവയ്പ്പ് ആയിരിക്കും കേരളം നടത്തുക. പരീക്ഷണം വിജയിച്ചാൽ കൊച്ചിയിൽ നിന്നും കോഴിക്കോട് നിന്നുമെല്ലാം സഞ്ചാരികളെ എളുപ്പത്തിൽ ഇവിടെ എത്തിക്കാം.
പുതിയ പദ്ധതി വിനോദസഞ്ചാരികൾ വളരെ വേഗം ഏറ്റെടുക്കും എന്നാണ് ടൂറിസം വകുപ്പ് പ്രതീക്ഷിക്കുന്നത്. അങ്ങിനെയെങ്കിൽ പാലക്കാട് മലമ്പുഴ ഡാം, ആലപ്പുഴ വേമ്പനാട് കായൽ, കൊല്ലം അഷ്ടമുടി കായൽ, കാസർകോട് ചന്ദ്രഗിരിപ്പുഴ, തിരുവനന്തപുരം കോവളം തുടങ്ങി കേരളത്തിലെ പ്രമുഖ ജലാശയങ്ങളെയും വിവിധ വിമാനത്താവളങ്ങളെയും ബന്ധപ്പെടുത്തി ടൂറിസം സെർക്യൂട്ട് ആരംഭിക്കാനും സർക്കാർ ആലോചിക്കുന്നുണ്ട്.
Discussion about this post