കൊച്ചി; എറണാകുളം ശിവക്ഷേത്രത്തിന്റെ കിഴക്കേ നടയിൽ ഡർബാർ ഹാൾ ആർട്ട് ഗാലറി കോഫീഷോപ്പിൽ മാംസവിഭവങ്ങളുടെ വിൽപ്പന ആരംഭിച്ചത് വലിയ വിവാദത്തിന് തിരികൊളുത്തിയിരിക്കുകയാണ്. ചിക്കൻ,ചീസ് ബർഗറുകളാണ് ഒരുയുവതി ക്ഷേത്രപരിസരത്ത് വിൽപ്പന നടത്തുന്നത്.
സാംസ്‌കാരിക വകുപ്പിന് കീഴിലെ ലളിതകലാ അക്കാഡമിയുടെ ആർട്ട് ഗാലറിയിൽ ഒരു വർഷം മുമ്പാണ് ക്യൂറേറ്റഡ് കഫേയെന്ന പേരിൽ കോഫീ ഷോപ്പ് ആരംഭിച്ചത്. നിസാബാണ് കരാറുകാരൻ. വെജിറ്റേറിയൻ വിഭവങ്ങൾ വിളമ്പിയിരുന്ന ഇവിടെ കഴിഞ്ഞ ദിവസം ചിക്കൻ ബർഗർ ഉൾപ്പടെ വിൽപ്പന തുടങ്ങുകയായിരുന്നു.
പിന്നാലെ കൊച്ചിൻ ദേവസ്വം ബോർഡ് എറണാകുളം ജില്ലാ കളക്ടർക്ക് ഇന്നലെ പരാതി നൽകി. ഡർബാർ ഹാൾ ഗ്രൗണ്ടിന്റെ ഭാഗമായ ആർട്ട് ഗാലറിയിൽ മാംസഭക്ഷണങ്ങൾ വിൽക്കുന്നത് ക്ഷേത്രാചാരങ്ങൾക്ക് വിരുദ്ധമാണെന്നും ഇത് അവസാനിപ്പിക്കാൻ നടപടിയെടുക്കണമെന്നും കാണിച്ച് എറണാകുളം ദേവസ്വം ഓഫീസർ അഖിൽ ദാമോദരനാണ് ഇന്നലെ കളക്ടർക്ക് പരാതി നൽകിയത്.
എറണാകുളം ശിവക്ഷേത്രത്തിന്റെ പൂരപറമ്പാണ് ഡർബാർ ഹാൾ ഗ്രൗണ്ട്. പകൽപ്പൂരവും മേളവും സാംസ്‌കാരിക പരിപാടികളും നടക്കുന്നത് ഇവിടെയാണ്. ടൂറിസം വകുപ്പിന് കീഴിലുള്ള ഗ്രൗണ്ടിലെ ഫുഡ് സ്റ്റാളുകൾ, മത്സ്യ,മാംസാദികൾ വിൽക്കരുതെന്ന വ്യവസ്ഥയോടെയാണ് ലേലം ചെയ്യുന്നത്.
Discussion about this post