പണ്ട് എല്ലാം അദ്ധ്യാപകരെ സ്വന്തം അമ്മമാരെ പോലെയാണ് കണ്ടിരുന്നത്. എന്നാൽ ഇപ്പോഴത്തെ അവസ്ഥ അങ്ങനെയല്ല എന്ന് വേണം പറയാൻ. എന്നെ പഠിപ്പിക്കുന്നവർ ഇന്ന് അദ്ധ്യാപകർ മാത്രമായി ചുരുങ്ങി. അദ്ധ്യാപകർ കുട്ടികളെ പഠിപ്പിക്കുന്നത് ജയിലിലാകുമെന്ന ഭയത്തോടെയാണ് എന്ന് കേരള ഹൈക്കോടതി കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. ഇതിനെ പറ്റിയുള്ള ശിവകുമാർ പടപ്പയിൽ എന്ന ആളുടെ ഫേയ്ബുക്ക് പോസ്റ്റാണ് സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നത്.
ഒരു ചന്ത പോലും തോറ്റുപോവുന്ന രീതിയിൽ സംഘർഷഭരിതവും സമാധാനരഹിതവുമായ ഇന്നത്തെ വിദ്യാലയാന്തരീക്ഷം മാറുകയാണ്. ലോലവും വൈകാരികവുമായ ക്ലാസന്തരീക്ഷത്തിലേക്കാണ് നിയമവും, ബാലാവകാശവും, പീനൽ കോഡുമൊക്കെ കടന്നു വന്നത്… ക്ലാസന്തരീക്ഷത്തിന്റെ ആത്മീയ ഭാവത്തെ അത് അട്ടിമറിച്ചു. അദ്ധ്യാപകനെ വെറും ജീവനക്കാരനാക്കി. ഈ നിയമങ്ങൾ കൊണ്ട് ഇഷ്ടമില്ലാത്ത മാഷെ ഒന്നൊതുക്കാൻ പറ്റുമോ എന്ന് നോക്കുന്നവരുമുണ്ടായി. വ്യക്തിപരമായി അത്തരം അനുഭവം ഉണ്ടായ ഒരധ്യാപകനാണു ഞാൻ എന്നുമാമ് പോസ്റ്റിൽ അദ്ദഹം കുറിച്ചിരിക്കുന്നത്.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ രൂപം
കഴിഞ്ഞ 33 വർഷമായി ഞാൻ അധ്യാപകനാണ്…
അതിനുമുമ്പ് ക്ലാസിൽ ഒന്നാം സ്ഥാനം വിട്ടുകൊടുക്കാത്ത വിദ്യാർത്ഥിയും ആയിരുന്നു..
ആ കാലത്തും എനിക്ക് അധ്യാപകരിൽ നിന്ന് ശിക്ഷ ലഭിച്ചിട്ടുണ്ട്. എന്റേതല്ലാത്ത ഒരു കുറ്റത്തിന് എന്നെ ശിക്ഷിക്കേണ്ടി വന്നപ്പോൾ നീയും ഇതിലുണ്ടോ എന്ന് അദ്ഭുതം കൂറിയ ഒരധ്യാപികയുടെ മുന്നിൽ നിറഞ്ഞൊഴുകിയ കണ്ണുകൾ മാത്രമായിരുന്നു എന്റെ മറുപടി. അവരോട് ചൊടിക്കാതെ ശിക്ഷ ഏറ്റുവാങ്ങി കുനിഞ്ഞ ശിരസ്സുമായി ക്ലാസിലേക്കു നടക്കുമ്പോൾ കണ്ണിൽ മാത്രമല്ല കരളിലും കടലിരമ്പമായിരുന്നു. വൈകാതെ സത്യം മനസ്സിലാക്കിയ ആ അധ്യാപിക അടികൊണ്ട കൈവെള്ളയിൽ മൃദുവായി തലോടുമ്പോൾ അവരുടെ കണ്ണിലെ നനവ് ഞാൻ വായിച്ചെടുത്തു..അകാലത്തിൽ എന്നെ വിട്ടു പോയ എന്റെ അമ്മ തന്നെയായിരുന്നു എനിക്കെന്റെ അധ്യാപികമാർ…
ഇത്രയും ലോലവും വൈകാരികവുമായ ക്ലാസന്തരീക്ഷത്തിലേക്കാണ് നിയമവും, ബാലാവകാശവും, പീനൽ കോഡുമൊക്കെ കടന്നു വന്നത്… ക്ലാസന്തരീക്ഷത്തിന്റെ ആത്മീയ ഭാവത്തെ അത് അട്ടിമറിച്ചു. അധ്യാപകനെ വെറും ജീവനക്കാരനാക്കി. ഈ നിയമങ്ങൾ കൊണ്ട് ഇഷ്ടമില്ലാത്ത മാഷെ ഒന്നൊതുക്കാൻ പറ്റുമോ എന്ന് നോക്കുന്നവരുമുണ്ടായി. വ്യക്തിപരമായി അത്തരം അനുഭവം ഉണ്ടായ ഒരധ്യാപകനാണു ഞാൻ…
ഏത് ശിക്ഷ വന്നാലും, ഇനിയെന്നെ തൂക്കിക്കൊന്നാലും ഞാൻ പ്രതിനിധീകരിക്കുന്ന അധ്യാപകപരമ്പരയുടെ ആത്മാഭിമാനം നഷ്ടപ്പെടുത്തുന്ന നടപടികൾക്ക് മുന്നിൽ തല കുനിക്കില്ല എന്ന് ഉറപ്പിച്ചു പറയാൻ അന്ന് ഈശ്വരൻ എനിക്ക് തന്റേടം തന്നു . പക്ഷേ മാപ്പു പറയേണ്ടി വന്നവരും, പിഴയൊടുക്കേണ്ടി വന്നവരും , അപമാനിതരായവരുമായ അധ്യാപകരുടെ കഥകൾ നമ്മൾ കേട്ടുകൊണ്ടേയിരുന്നു.
ഒരു ചന്ത പോലും തോറ്റുപോവുന്ന രീതിയിൽ സംഘർഷഭരിതവും സമാധാനരഹിതവുമായ ഇന്നത്തെ വിദ്യാലയാന്തരീക്ഷമല്ലാതെ മറ്റെന്താണ് ഈ നിയമ നിർമര്യാദ നമുക്ക് നേടിത്തന്നത് എന്ന് ബഹുമാനപ്പെട്ട കോടതിയുടെ ഈ നിരീക്ഷണം നമ്മോട് ചോദിക്കാതെ ചോദിക്കുന്നു. കുത്തിക്കൊല്ലുന്നവരുണ്ട് ലോകത്തിലെങ്കിലും കത്തി ഒരു നിരോധിത വസ്തുവല്ല എന്നതിൽ എല്ലാമുണ്ട്… ശിക്ഷയും കൂടി ഉൾപ്പെട്ടതാണ് ശിക്ഷണം
Discussion about this post