വയനാട്: ജില്ലയിൽ ബുധനാഴ്ച പൊതുഅവധി. ഉപതിരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തിലാണ് ജില്ലയിൽ അന്നേ ദിവസം പൊതു അവധി പ്രഖ്യാപിച്ചിരിക്കുന്നത്. ബുധനാഴ്ച ജില്ലയിലെ എല്ലാ സർക്കാർ- സ്വകാര്യ സ്ഥാപനങ്ങൾക്കും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി ആയിരിക്കും.
ജില്ലാ കളക്ടറാണ് ഇതുമായി ബന്ധപ്പെട്ട ഉത്തരവ് പുറപ്പെടുവിച്ചത്. നെഗോഷ്യബിൾ ഇൻസ്ട്രുമെന്റ് ആക്ട് പ്രകാരവും ജില്ലയിൽ അന്ന് അവധിയായിരിക്കുമെന്ന് ജില്ലാ കളക്ടർ അറിയിച്ചു. ജീവനക്കാർക്ക് ശമ്പളത്തോട് കൂടിയായിരിക്കും അവധി.
ഇതിന് പുറമേ തെരഞ്ഞെടുപ്പ് നടക്കുന്ന വയനാട് ലോക്‌സഭ, ചേലക്കര, മണ്ഡലങ്ങളിൽ വോട്ടുള്ളവരും എന്നാൽ മണ്ഡലത്തിന് പുറത്ത് ജോലി ചെയ്യുന്നവരുമായ എല്ലാ സർക്കാർ- സ്വകാര്യ സ്ഥാപനങ്ങളിലെ ജീവനക്കാർക്കും അവധി ആയിരിക്കും. ശമ്പളത്തോട് കൂടിയായിരിക്കും അവധി. മലപ്പുറം ജില്ലയിലെ ഏറനാട്, വണ്ടൂർ, നിലമ്പൂർ നിയോജക മണ്ഡലം പരിധിയിലുള്ള എല്ലാ സർക്കാർ-പൊതുമേഖലാ സ്ഥാപനങ്ങൾക്കും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധിയാണ്. ചേലക്കരയിൽ നെഗോഷ്യബിൾ ഇൻസ്ട്രുമെന്റ് ആക്ട് പ്രകാരവും ഈ മണ്ഡലങ്ങളിലും അന്ന് അവധിയായിരിക്കും.
Discussion about this post