എറണാകുളം: ദിലീപിനൊപ്പം സിനിമ ചെയ്യാൻ കുഞ്ചാക്കോ ബോബൻ തയ്യാറായിരുന്നില്ലെന്ന വെളിപ്പെടുത്തലുമായി സംവിധായകൻ തുളസീദാസ്. സ്വകാര്യമാദ്ധ്യമത്തിന് നൽകിയ അഭിമുഖത്തിൽ ആയിരുന്നു സംവിധായകൻ ഇതേക്കുറിച്ച് വെളിപ്പെടുത്തിയത്. ദോസ്ത് എന്ന സിനിമ ചിത്രീകരിക്കുമ്പോഴുണ്ടായ അനുഭവങ്ങൾ പങ്കുവയ്ക്കുകയായിരുന്നു തുളസീദാസ്.
ഒരു ദിവസം കൊണ്ട് ഉണ്ടായ സിനിമയാണ് ദോസ്ത്. മറ്റൊരു സിനിമ ജയറാമുമായി ചെയ്യാൻ ആയിരുന്നു ആദ്യം പദ്ധതിയിട്ടിരുന്നത്. എന്നാൽ ഇത് നടന്നില്ല. തുടർന്ന് എറണാകുളത്ത് എത്തിയ ഞാനും കൊട്ടാരക്കര രവിയും ചേർന്ന് ഒറ്റദിവസം കൊണ്ട് തയ്യാറാക്കിയ സ്‌ക്രിപ്റ്റ് ആണ് ദോസ്തിന്റേത്. എന്റെ നല്ലൊരു സിനിമ. ഈ സിനിമയിൽ ജയസൂര്യ ചെറിയ വേഷത്തിൽ അഭിനയിക്കുന്നുണ്ട്. അവനിപ്പോൾ വലിയ സ്റ്റാർ ആയി എന്നും തുളസീദാസ് പറയുന്നു.
ദോസ്തിൽ കുഞ്ചാക്കോ ബോബനും ദിലീപും ചേർന്നാണ് അഭിനയിച്ചിട്ടുള്ളത്. ഇതിൽ അഭിനയിക്കാൻ ഡേറ്റ് ചോദിച്ച് ഞാനും രവിയേട്ടനും കുഞ്ചാക്കോ ബോബന്റെ വീട്ടിൽ ചെന്നു. എന്നാൽ ദിലീപിന്റെ കൂടെ അഭിനയിക്കാൻ കുഞ്ചാക്കോ ബോബൻ തയ്യാറായിരുന്നില്ല. ചാക്കോച്ചന്റെ അച്ഛനോട് ആയിരുന്നു തങ്ങൾ കഥപറഞ്ഞത്. എന്നാൽ കൂട്ടാക്കിയില്ല. മകന്റെ റോള് ചെറുതാവില്ല, മോശമാവില്ല എന്ന് കരാറ് പോലെ തരണം എന്നായിരുന്നു ചാക്കോച്ചന്റെ അച്ഛന്റെ ഡിമാന്റ്. ഇത് സമ്മതിച്ചു. അങ്ങനെയാണ് കുഞ്ചാക്കോ ബോബൻ ഈ സിനിമയുടെ ഭാഗം ആകുന്നത്.
കുഞ്ചാക്കോ ബോബനും ദിലീപും ഒന്നിച്ചുള്ള ഏറെ റിപീറ്റ് വാല്യൂ ഉള്ള ചിത്രം ആയിരുന്നു ദോസ്ത്. ഇതുപോലെ ഒരു സിനിമ വീണ്ടും ചെയ്യണം എന്ന് ആളുകൾ തന്നോട് പറയാറുണ്ടെന്നും തുളസീദാസ് പറഞ്ഞു.
Discussion about this post