കുഞ്ഞുനാളിൽ നമ്മുടെ അമ്മമാർ സ്‌നേഹത്തോടെ കുറുക്കുണ്ടാക്കി തന്നിരുന്നത് ഓർമ്മയില്ലേ… നന്നായി പൊടിച്ച റാഗിയാണ് അന്ന് കുറുക്കുണ്ടാക്കി തന്നിരുന്നത്. പഞ്ഞപുല്ല് എന്നും ഇത് ചിലയിടത്ത് അറിയപ്പെടുന്നു. എന്നാൽ കുഞ്ഞുങ്ങൾക്ക് മാത്രമല്ല,മുതിർന്നവർക്കും കഴിക്കാൻ പറ്റിയ ഭക്ഷണമാണ് റാഗി. പോഷകങ്ങളായ കാൽസ്യം, പ്രോട്ടീൻ, ഇരുമ്പ്, വിറ്റാമിനുകൾ എന്നിവ നിറഞ്ഞ ധാന്യമാണ് റാഗി. ഇത് നമ്മുടെ സമ്പൂർണ്ണ ആരോഗ്യത്തിനും അത്ഭുതങ്ങൾ സൃഷ്ടിക്കുന്ന ഒരു സമ്പൂർണ്ണ ഭക്ഷണമാണ്.കാൽസ്യം, വിറ്റാമിൻ ഡി എന്നിവ അടങ്ങിയിട്ടുള്ള ഇത് അസ്ഥികളുടെ ശക്തി വർദ്ധിപ്പിക്കുന്നതിന് സഹായിക്കുന്നു.
റാഗിയിൽ നാരുകളുടെയും പോളിഫെനോളിനും ധാരാളം അടങ്ങിയിരിക്കുന്നു, ഇത് പ്രമേഹ രോഗികൾക്ക് ഗുണം ചെയ്യും. ഉയർന്ന അളവിലുള്ള നാരുകൾ ശരീരത്തിലെ ദഹനത്തിന്റെ വേഗത കുറയ്ക്കുകയും അതുവഴി പ്രമേഹ സാധ്യത കുറയ്ക്കുകയും ചെയ്യുന്നു. റാഗിയിൽ ധാരാളം ഫൈബർ അടങ്ങിയിരിക്കുന്നതിനാൽ തന്നെ ഇത് വേഗത്തിൽ വയർ നിറയുന്ന അനുഭൂതി ഉണ്ടാക്കുന്നു. അതിനാൽ തന്നെ നമുക്ക് ഭക്ഷണം അമിതമായി കഴിക്കാൻ സാധിക്കാത്ത അവസ്ഥ വരുന്നു. ഇത് തടി കുറയ്ക്കാൻ സഹായിക്കുന്നു. ശരീരകലകളെ ജീവസുറ്റതാക്കുകയും താങ്ങുനൽകുകയും ചെയ്യുന്ന വസ്തുവാണ് കൊളാജൻ. റാഗിയിലടങ്ങിയ മെഥിയോനൈൻ, ലൈസിൻ എന്നീ അമിനോ ആസിഡുകൾ കൊളാജൻ നിർമിക്കാനും പരിപാലിക്കാനും സഹായിക്കുന്നു
റാഗിയിൽ ആന്റി-ഏജിംഗ് പ്രോപർട്ടി അടങ്ങിയിരിക്കുന്നു. ഇത് ചർമ്മത്തിൽ ചുളിവുകൾ വീഴാതെ നല്ലരീതിയിൽ സംരക്ഷിക്കുന്നു. ചർമ്മത്തെ മൊത്തത്തിൽ ഭംഗിയാക്കാനും റാഗിയിലെ വിറ്റാമിൻ ഇ ഘഘടകങ്ങൾ സഹായിക്കുന്നു. റാഗിയിലെ കെരാറ്റിൻ പ്രോട്ടീൻ അടങ്ങിയിരിക്കുന്നതിനാൽ മുടിവളർച്ചയ്ക്ക് നന്നായി സഹായിക്കുന്നു. മുടി വേഗത്തിൽ നരയ്ക്കാതെ നല്ല കറുപ്പ് നിറം ലഭിക്കുന്നതിനും റാഗി സഹായിക്കുന്നു.
കാൻസർ സാധ്യത കുറയ്ക്കാൻ സഹായിക്കുന്ന കാൻസർ വിരുദ്ധ ഗുണങ്ങൾ റാഗിയിൽ അടങ്ങിയിട്ടുണ്ട്. റാഗിയിലെ ഫിനോളിക് സംയുക്തങ്ങൾ വയറ്റിലെ കാൻസർ തടയാൻ ഫലപ്രദമാണെന്ന് പഠനങ്ങൾ വ്യക്തമാക്കുന്നു. റാഗിയിലെ ആന്റിഓക്സിഡന്റ് കാൻസർ കോശങ്ങളുടെ വളർച്ചയെ മന്ദഗതിയിലാക്കുന്നു.
റാഗി- രണ്ട് ടേബിൾസ്പൂൺ
കൽക്കണ്ടം/കരിപ്പട്ടി- ഒരു കഷ്ണം
നെയ്യ്- കാല്‍ കപ്പ്
വെള്ളം- ഒരു കപ്പ്
തയ്യാറാക്കുന്ന വിധം
ആദ്യം ഒരു പാനിൽ റാഗി എടുത്ത് അതിലേക്ക് വെള്ളം ചേർത്ത് വേവിക്കുക. ഇതിലേക്ക് കൽക്കണ്ടം ചേർത്ത് അലിയിച്ചെടുക്കുക. വെന്തതിനു ശേഷം നെയ്യൊഴിച്ചു കുറുക്കി എടുക്കുക.
റാഗി പായസം; ആവശ്യമായ ചേരുവകൾ
റാഗി – അരക്കപ്പ്
ഏലയ്ക്ക – 2 എണ്ണം
ചൗവ്വരി – ഒരു ടേബിൾ സ്പൂൺ
പാൽ – രണ്ട് കപ്പ്
വെള്ളം – 3 കപ്പ്
ശർക്കര – 200 ഗ്രാം
റാഗി പായസം; തയ്യാറാക്കുന്ന വിധം
റാഗി നന്നായി കഴുകി വൃത്തിയാക്കി 3 മണിക്കൂർ വെള്ളത്തിൽ കുതിർത്തു വയ്ക്കുക. രണ്ട് കപ്പ് പാൽ എടുത്ത് തിളപ്പിച്ച് വക്കുക. മറ്റൊരു പാത്രത്തിൽ ശർക്കര കാൽകപ്പ് വെള്ളം ചേർത്ത് ഉരുക്കിയ ശേഷം ഇത് അരിച്ചെടുക്കുക.
ചൗവ്വരി അരക്കപ്പ് വെള്ളത്തിൽ കുതിർത്തു വയ്ക്കുക. ഇതിന് പകരം ചിയാ സീഡ് വേണമെങ്കിലും ഉപയോഗിക്കാം. പിന്നീട്, റാഗി കുതിർത്തതിലേക്ക് ഏലയ്ക്ക, അൽപം വെള്ളം എന്നിവ ചേർത്ത് നല്ല മയത്തിൽ അരച്ചെടുക്കുക. ഇതിൽ 3 കപ്പ് വെള്ളം കൂടി ചേർത്ത് അരിച്ചെടുക്കുക.
തുടർന്ന്, ചുവട് കട്ടിയുള്ള ഒരു പാത്രത്തിൽ ഈ റാഗിയും കുതിർത്ത ചൗവ്വരിയും ചേർത്ത് തുടരെത്തുടരെ ഇളക്കി കുറുക്കിയെടുക്കുക
Discussion about this post