കോട്ടയം: ക്രിസ്മസ് വിപണിയില്‍ ഇറച്ചിക്കോഴികള്‍ക്ക് വില കുത്തനെ കൂടും. കോഴിയും താറാവും പന്നിയുമെല്ലാം ഉള്‍പ്പെടുന്ന മാംസവിപണി ഇതിനോടകം തന്നെ തമിഴ്നാട് കൈയടക്കി കഴിഞ്ഞു. ഇതോടെ, കേരളത്തിലെ ഫാമുകള്‍ പ്രതിസന്ധിയിലായിരിക്കുകയാണെന്ന് വ്യാപാരികള്‍ പറയുന്നു.
നിലവില്‍, 130 മുതല്‍ 140 രൂപ വരെയാണ് ഒരു കിലോ ഇറച്ചി കോഴികള്‍ക്ക് വില. ക്രിസ്മസ് എത്തുന്നതോടെ ഇത് 160 രൂപ മുതല്‍ 170 രൂപ വരെ എത്താന്‍ സാദ്ധ്യതയുണ്ടെന്ന് ഇറച്ചിക്കോഴി കട ഉടമകള്‍ പറയുന്നു. പക്ഷിപ്പനിയുടെ പേരില്‍ താറാവിനും കോഴിക്കും നിരോധനം, പന്നിപ്പനിയുടെ പേരില്‍ പന്നിവളര്‍ത്തലില്‍ പ്രതിസന്ധി എന്നിവ നേരിട്ടതോടെ കര്‍ഷകര്‍ മറ്റ് മേഖലകളിലേക്ക് തിരിഞ്ഞു. ഇതോടെ കോഴിഫാമില്‍ തമിഴ്നാടിന് സ്വാധീനം വർദ്ധിച്ചു .
തുടര്‍ച്ചയായി ഉണ്ടാകുന്ന രോഗബാധകളും നിരോധനങ്ങളും കേരളത്തിലെ കര്‍ഷകരെ കടക്കെണിയിലാക്കിയിരിക്കുകയാണ്.
പക്ഷിപ്പനി ജില്ലയില്‍ നിന്നും പൂര്‍ണമായി തുടച്ചുനീക്കുകയെന്ന ലക്ഷ്യത്തോടെ ആഗസ്റ്റിലും സെപ്റ്റംബറിലും കള്ളിംഗ് നടത്തി ലക്ഷക്കണക്കിന് താറാവുകളെയും കോഴികളെയുമാണ് പല ഫാമുകളിലും ഇല്ലാതാക്കിയത്. ഇതോടെ കേരളത്തിലെ മിക്ക ഫാമുകളും അടച്ചുപൂട്ടി. താറാവ് വളര്‍ത്തല്‍ പൂര്‍ണമായും ഇല്ലാതായി എന്നു തന്നെ പറയാം.
Discussion about this post