ആലപ്പുഴ: മണ്ണാറാശാല നാഗരാജ ക്ഷേത്രത്തിൽ മോഹൻലാലിന്റെ ക്ഷേത്രദർശനം. ഇന്നലെ പുലർച്ചെ നാല് മണിയ്ക്കാണ് അദ്ദേഹം ക്ഷേത്രത്തിൽ ദർശനം നടത്തിയത്. സുഹൃത്ത് അനിൽകുമാറും അദ്ദേഹത്തിനൊപ്പമുണ്ടായിരുന്നു. താരത്തിന്റെ ക്ഷേത്ര ദർശനത്തിന്റെ ചിത്രങ്ങൾ ഇതിനോടകം തന്നെ സോഷ്യൽ മീഡിയയിൽ വൈറൽ ആയിട്ടുണ്ട്.
ക്ഷേത്രത്തിൽ തിരക്ക് വരുന്നതിന് മുൻപ് തന്നെ മോഹൻലാൽ തൊഴുത് മടങ്ങുകയായിരുന്നു. കസവ് മുണ്ടും ഷർട്ടും ധരിച്ചായിരുന്നു മോഹൻലാൽ ക്ഷേത്രത്തിൽ എത്തിയത്. പ്രാർത്ഥനയ്ക്ക് ശേഷം മണ്ണാറശ്ശാല അമ്മയെ കണ്ട് അനുഗ്രഹം വാങ്ങി. ഇതിന് ശേഷമായിരുന്നു താരത്തിന്റെ മടക്കം.
ക്ഷേത്രത്തിലേക്ക് എത്തിയ മോഹൻലാലിനെ ക്ഷേത്ര ഭാരവാഹികൾ ചേർന്നാണ് സ്വീകരിച്ചത്. ഭാരവാഹികളായ നാഗദാസ്, ജയദേവൻ എന്നിവർ അദ്ദേഹത്തെ ദർശനത്തിലുടനീളം അനുഗമിച്ചു.
അടിയ്ക്കടി ക്ഷേത്ര ദർശനങ്ങൾ നടത്താറുള്ള താരമാണ് മോഹൻലാൽ. മാസങ്ങൾക്ക് മുൻപ് അദ്ദേഹം ഇരിക്കൂർ മാമാനിക്കുന്ന് ക്ഷേത്രത്തിൽ ദർശനം നടത്തിയിരുന്നു. അന്ന് ക്ഷേത്രത്തിലെ പ്രധാന വഴിപാടായ മറികൊത്തൽ ചടങ്ങും അദ്ദേഹം നടത്തിയിരുന്നു. ഇത് സോഷ്യൽ മീഡിയയിൽ വലിയ ചർച്ചയ്ക്ക് ആയിരുന്നു വഴിവച്ചത്.
Discussion about this post