തിരുവനന്തപുരം: ആറ്റിങ്ങലിൽ വീടിന് മുൻപിൽ നിർത്തിയിട്ടിരുന്ന കാറിന് നേരെ ആക്രമണം. പെട്രോൾ പന്തം എറിഞ്ഞ് അക്രമികൾ കാറ് കത്തിച്ചു. ആലങ്കാട് ദാറുസ്സലാം വീട്ടിൽ സഫറുദ്ദീന്റെ വീടിന് നേരെയാണ് ആക്രമണം ഉണ്ടായത്. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു.
ഇന്നലെ രാത്രി 12 മണിയോടെ ആയിരുന്നു സംഭവം. ഈ സമയം വീട്ടുകാർ ഉറങ്ങുകയായിരുന്നു. വീടിന് മുൻഭാഗത്തായി പോർച്ചിൽ ആയിരുന്നു കാർ നിർത്തിയിട്ടിരുന്നത്. 12 മണിയോടെ പോർച്ചിന്റെ ഭാഗത്ത് നിന്നും ഉഗ്രശബ്ദം കേൾക്കുകയായിരുന്നു. ഇതേ തുടർന്ന് വീട്ടുകാർ വീടിന് പുറത്തേയ്ക്ക് വന്നപ്പോഴാണ് വാഹനം കത്തുന്നതായി കണ്ടത്. തീ അണയ്ക്കാൻ ശ്രമിച്ചെങ്കിലും കഴിഞ്ഞില്ല. വാഹനം പൂർണമായും കത്തി. ഇതിന് പുറമേ വീടിന് മുൻവശത്തും തീ പടർന്നു. കാറിലെ തീ അണയ്ക്കാൻ ശ്രമിക്കുന്നതിനിടെ സഫറുദ്ദീന്റെ കാലിന് പരിക്കേൽക്കുകയും ചെയ്തു.
സംഭവത്തിന് പിന്നാലെ നടന്ന പരിശോധനയിൽ വാഹനത്തിന് സമീപത്ത് നിന്ന് പെട്രോൾ നിറച്ച കാനും പന്തവും കണ്ടെത്തി. ഇതോടെയാണ് പെട്രോൾ പന്തം ഇറിഞ്ഞാണ് കാറ് കത്തിച്ചത് എന്ന് വ്യക്തമായത്. ആക്രമണത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പോലീസ് ശേഖരിച്ചിട്ടുണ്ട്. പ്രതികളെക്കുറിച്ചുള്ള സൂചനകൾ ലഭിച്ചിട്ടുണ്ടെന്നാണ് സൂചന.
ഇക്കഴിഞ്ഞ ജൂൺ മാസത്തിനും ഇദ്ദേഹത്തിന്റെ വീടിന് നേരെ ആക്രമണം ഉണ്ടായിരുന്നു. വീട്ടിലെ ജനാലകളുടെ ചില്ലുകൾ അടിച്ച് നശിപ്പിക്കുകയും കേബിളുകൾ നശിപ്പിക്കുകയും ആയിരുന്നു ചെയ്തത്. ഇതിൽ വീട്ടുാകർ നൽകിയ പരാതി പോലീസിന്റെ പരിഗണനയിൽ ഉള്ളപ്പോഴാണ് വീണ്ടും ആക്രമണം ഉണ്ടായിരിക്കുന്നത്.
Discussion about this post