കണ്ണൂര്‍: എഡിഎം നവീൻ ബാബു ആത്മഹത്യ ചെയ്ത സംഭവത്തില്‍ പ്രതിയായ പി പി ദിവ്യക്കെതിരെ വ്യാജ വാർത്തകൾ പ്രചരിപ്പിച്ചുവെന്ന പരാതിയില്‍ കേസെടുത്ത് പോലീസ്. ദിവ്യയുടെ ഭർത്താവ് വി പി അജിത്തിന്റെ പരാതിയിൽ കണ്ണപുരം പോലീസ് ആണ് കേസെടുത്തത്. ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് കേസ്.
തന്നെയും കുടുംബത്തെയും അപമാനിക്കുന്നതിനായി വസ്തുതാ വിരുദ്ധമായ വാർത്തകൾ പ്രചരിപ്പിച്ചുവെന്ന് പരാതിയില്‍ പറയുന്നു. മുഖ്യധാര മാദ്ധ്യമങ്ങളിലൂടെയും സമൂഹ മാദ്ധ്യമങ്ങളിലൂടെയും വ്യാജ വാർത്തകൾ കെട്ടിച്ചമച്ചുവെന്നാണ് ആരോപണം. തന്നെയും കുടുംബത്തെയും അപമാനിക്കാനുള്ള ബോധപൂർവമായ ശ്രമം ഉണ്ടായെന്നും പരാതിയില്‍ ആരോപിക്കുന്നു.
സ്ത്രീകൾക്കെതിരെയുള്ള അതിക്രമം, സമൂഹ മാദ്ധ്യമങ്ങളിലൂടെയുള്ള വ്യക്തിഹത്യ എന്നീ കുറ്റങ്ങളാണ് ചുമത്തിയത്. പ്രതിയുടെ പേര് എഫ് ഐ ആറിൽ രേഖപ്പെടുത്തിയിട്ടില്ല.
Discussion about this post