കണ്ണൂർ: തന്റെ ആത്മകഥയുടേത് എന്ന പേരിൽ പ്രചരിക്കുന്ന വിവരങ്ങൾ അടിസ്ഥാന രഹിതമാണെന്ന് വ്യക്തമാക്കി ഇ.പി ജയരാജൻ. പുസ്തകത്തിന്റെ ടൈറ്റിൽ ഉൾപ്പെടെ തെറ്റാണ്. താൻ പുസ്തകം എഴുതി തീർന്നിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. വാർത്തകൾക്ക് പിന്നാലെ മാദ്ധ്യമങ്ങളോട് ആയിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
താൻ പുസ്തകം എഴുതി തീർന്നിട്ടില്ല. പിന്നെ എങ്ങനെയാണ് ഇതിന്റെ ഭാഗങ്ങൾ പുറത്തുവരിക. ഇന്ന് 10.30 ന് പുസ്തകം പുറത്തിറങ്ങും എന്നാണ് വാർത്തകൾ. എന്നാൽ എഴുതി തീരാതെ പുസ്തകം എങ്ങനെയാണ് പുറത്തുവരിക. ഇതിന് പിന്നിൽ ഗൂഢാലോചനയുണ്ട്. പുസ്തകത്തിന്റെ പേര് പോലും തനിക്ക് അറിയില്ല. താൻ ആർക്കും പുസ്തകം പ്രസിദ്ധീകരിക്കാൻ അനുമതി നൽകിയിട്ടില്ല.
മാതൃഭൂമിയും ഡിസിബുക്‌സും പുസ്തകം പ്രസിദ്ധീകരിക്കാൻ സന്നദ്ധത പ്രകടിപ്പിച്ച് രംഗത്ത് എത്തിയിരുന്നു. മാതൃഭൂമിയ്ക്ക് കൊടുക്കാമെന്നാണ് കരുതിയിരുന്നത്. പി.ജയരാജന്റെ ആത്മകഥ പുറത്തിറക്കിയത് അവരാണ്. ഡി.സി പുറത്തുവിട്ട പുസ്തകത്തിന്റെ കവർപേജ് ഇന്നാണ് കാണുന്നത്.
ഒരു വിവരവും ആർക്കും കൈമാറിയിട്ടില്ല. പുസ്തകം സംബന്ധിച്ച് ഒരു ധാരണയിലും എത്തിയിട്ടില്ല. താൻ എഴുതിയതിൽ ഒന്നും ഇത്തരം കാര്യങ്ങളില്ല. ഇനി ഇതൊന്നും എഴുതുകയും ഇല്ല. താൻ എഴുതിയിട്ട് ടൈപ്പ് ചെയ്യാൻ കൊടുക്കുകയാണ് പതിവ്. പുസ്തകത്തിന്റെ ആദ്യ ഭാഗം എങ്ങനെ പുറത്തുവന്നൂ എന്നത് അറിയില്ല. സ്വന്തം രാഷ്ട്രീയവും ചരിത്രവുമാണ് എഴുതുന്നത്. സംഭവത്തിൽ നിയമ നടപടി സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
രാവിലെ ടൈംസ് ഓഫ് ഇന്ത്യ എന്ന ദിനപത്രത്തിലാണ് ഇ.പി ജയരാജന്റെ പുസ്തകത്തിലെ വിവരങ്ങൾ പുറത്തുവന്നത്. ഉപതിരഞ്ഞെടുപ്പ് ദിനത്തിൽ പുറത്തുവന്ന വിവരങ്ങൾ സിപിഎമ്മിനെ പ്രതിരോധത്തിലാക്കിയിട്ടുണ്ട്. പാലക്കാട്ടെ ഇടത് സ്ഥാനാർത്ഥി പി. സരിൻ അവസരവാദിയാണെന്നതുൾപ്പെടെയുള്ള കാര്യങ്ങളാണ് പുസ്തകത്തിൽ ഉള്ളത്. അതേസമയം ഉപതിരഞ്ഞെടുപ്പിൽ ഇത്തരത്തിൽ പുസ്തകത്തിന്റെ ഭാഗങ്ങൾ ഡി.സി ബുക്‌സ് പുറത്തുവിട്ടതിന് പിന്നിലെ കാരണം വ്യക്തമല്ല.
Discussion about this post