തിരുവനന്തപുരം: ഇ.പി ജയരാജന്റെ പുസ്തകം ഇന്ന് പുറത്തിറക്കില്ലെന്ന് ഡി.സി ബുക്‌സ്. ഫേസ്ബുക്ക് കുറിപ്പിലൂടെയായിരുന്നു ഡി.സി ബുക്‌സ് ഇക്കാര്യം അറിയിച്ചത്. സാങ്കേതിക പ്രശ്‌നത്തെ തുടർന്നാണ് പുസ്തകം ഇന്ന് പുറത്തിറക്കാത്തത് എന്നാണ് പ്രസാധകരുടെ വിശദീകരണം.
കട്ടൻ ചായയും പരിപ്പുവടയും എന്ന പുസ്തകത്തിന്റെ പ്രസാധനം നിർമ്മിതിയിലുള്ള സാങ്കേതിക പ്രശ്‌നം മൂലം കുറച്ചു ദിവസത്തേക്ക് നീട്ടി വച്ചിരിക്കുന്നു. ഉള്ളടക്കത്തെ സംബന്ധിച്ച കാര്യങ്ങൾ പുസ്തകം പ്രസിദ്ധപ്പെടുത്തുമ്പോൾ വ്യക്തമാകുന്നതാണ്.- ഡിസി ബുക്‌സ് ഫേസ്ബുക്കിൽ കുറിച്ചു. പുസ്തകം ഇന്ന് മുതൽ വിറ്റഴിക്കണമെന്ന് സ്റ്റോറുകൾക്ക് നൽകിയിരുന്ന നിർദേശം ഡിസി ബുക്ക്‌സ് പിൻവലിച്ചിട്ടുണ്ട്.
അതേസമയം പുസ്തകം പ്രസിദ്ധീകരിക്കുന്നതിന് ഇ പി ജയരാജൻ ഡി സി ബുക്സുമായി കരാർ ഒപ്പിട്ടിരുന്നുവെന്നാണ് പ്രസാധകരിൽ നിന്നും ലഭിക്കുന്ന വിവരം. പുസ്തകത്തിന്റെ പ്രസാധന അവകാശം ഡിസിക്ക് തന്നെയാണെന്ന് വ്യക്തമാക്കിയ ഡിസിബുക്‌സ് അധികൃതർ പരസ്യമായി പ്രതികരിക്കാൻ തയ്യാറായിട്ടില്ല.
പ്രചരിക്കുന്ന കാര്യങ്ങൾ തന്റെ പുസ്തകത്തിലേത് അല്ലെന്നും നിയമ നടപടി സ്വീകരിക്കുമെന്നും ഇ.പി വ്യക്തമാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് പുസ്തകം ഇന്ന് പുറത്തിറക്കില്ലെന്ന് ഡി.സി ബുക്‌സ് അറിയിച്ചത്.
Discussion about this post