എറണാകുളം: താരങ്ങളുടെ ഡ്രൈവർ ആയിരുന്നവർ ഇപ്പോൾ പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്റെ തലപ്പത്ത് എത്തി എന്ന പരാമർശത്തിൽ വിശദീകരണവുമായി നടിയും നിർമ്മാതാവുമായ സാന്ദ്രാ തോമസ്. നടി ഉന്നമിട്ടത് ആന്റണി പെരുമ്പാവൂരിനെ ആണെന്ന തരത്തിൽ അഭ്യൂഹങ്ങൾ പ്രചരിക്കുന്ന പശ്ചാത്തലത്തിൽ ആയിരുന്നു സാന്ദ്രയുടെ വിശദീകരണം. താൻ പറഞ്ഞത് ആന്റണി പെരുമ്പാവൂരിനെക്കുറിച്ച് അല്ലെന്നും മറ്റൊരു നിർമ്മാതാവിനെക്കുറിച്ച് ആണെന്നും സാന്ദ്ര വിശദമാക്കി.
ഡ്രൈവറായി വരുന്നവർ നിർമ്മാതാക്കൾ ആകുന്നതിൽ യാതൊരു തെറ്റും ഇല്ല. ഞാൻ ആ അർത്ഥത്തിൽഅ ല്ല പറഞ്ഞത്. ആരെയും വേർതിരിച്ച് ഇതുവരെ കണ്ടിട്ടില്ല. അതുപോലെ എല്ലാവർക്കും ബഹുമാനം കൊടുക്കുന്ന ആളുമാണ്. അത് ജോലി നോക്കിയല്ല. ഡ്രൈവറായി വന്നവർ പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്റെ തലപ്പത്തേയ്ക്ക് വരുന്നുവെന്ന് പറഞ്ഞതിൽ കാര്യമുണ്ട്.
ഒരാളെ ഉദ്ദേശിച്ചാണ് അത് പറഞ്ഞത്. എന്നാൽ അത് ആന്റണി പെരുമ്പാവൂർ അല്ല. അദ്ദേഹത്തെ അങ്ങിനെ കണ്ടിട്ടില്ല. അദ്ദേഹം ഒരു നടന്റെ ഡ്രൈവർ ആയിട്ടാണ് സിനിമയിലേക്ക് വരുന്നത്. എന്നാൽ അദ്ദേഹത്തെയല്ല ഞാൻ ഉദ്ദേശിച്ചത്. ഞാൻ പറഞ്ഞത് ആന്റോ ജോസഫിനെക്കുറിച്ചാണ്. അദ്ദേഹവും ഒരു നടന്റെ ഡ്രൈവറാണ്. അതിന് ശേഷമാണ് പ്രൊഡക്ഷൻ കൺട്രോളർ ആകുന്നത്. അദ്ദേഹത്തിന്റെ സാമ്പത്തിക ശ്രോതസ്സ് ആണ് പരിശോധിക്കേണ്ടത്. ആളെ പറയാത്തതിന് ഇനി തെറ്റിദ്ധാരണ വേണ്ട. അസോസിയേഷനെതിരെ നിയമ നടപടിയുമായി മുന്നോട്ട് പോകുമെന്നും സാന്ദ്രാ കൂട്ടിച്ചേർത്തു.
കഴിഞ്ഞ ദിവസം സാന്ദ്ര പ്രൊഡ്യൂസേഴ്‌സ് അസോസിയേഷനിലെ അംഗങ്ങൾക്കെതിരെ രംഗത്ത് എത്തിയിരുന്നു. അപ്പോഴായിരുന്നു ഡ്രൈവർമാർ തലപ്പത്തേയ്ക്ക് വരുന്നു എന്ന പരാമർശം നടത്തിയത്. ഡ്രൈവറായിരുന്നവരും പ്രൊഡക്ഷൻ കൺട്രോളറായിരുന്നവരുമാണ് ഇന്ന് പ്രൊഡ്യസേർസ് അസോസിയേഷന്റെ തലപ്പത്ത്. അവരുടെ സാമ്പത്തിക സ്രോതസ്സ് അന്വേഷണിക്കണം എന്നുമായിരുന്നു സാന്ദ്ര പറഞ്ഞത്.
Discussion about this post