കണ്ണൂർ: എഡിഎം നവീൻ ബാബുവിന്റെ ആത്മഹത്യയില്‍ കണ്ണൂരിൽ നിന്നുളള പ്രത്യേക അന്വേഷണ സംഘം ഇന്ന് കുടുംബാംഗങ്ങളുടെ മൊഴിയെടുക്കും. നവീന്‍ ബാബുവിന്റെ മരണത്തില്‍ കാര്യക്ഷമമായ അന്വേഷണം നടക്കുന്നില്ലെന്ന ആക്ഷേപവുമായി കുടുംബം മുന്നോട്ടു വന്നിരുന്നു. പ്രതി പിപി ദിവ്യ ഉന്നയിച്ച കൈക്കൂലി ആരോപണത്തിന് പിന്നിലെ ഗൂഢാലോചന ഉൾപ്പടെയുള്ള കാര്യങ്ങളില്‍ സമഗ്രമായ അന്വേഷണം വേണമെന്ന് കുടുംബം ആവശ്യപ്പെട്ടിരുന്നു.
കേസില്‍ നവീന്‍ ബാബുവിനെതിരെ അഴിമതി ആരോപണം ഉന്നയിച്ച പെട്രോൾ പമ്പ് ഉടമ ടി വി പ്രശാന്തിന്റെ മൊഴിയും കഴിഞ്ഞ ദിവസം രേഖപ്പെടുത്തിയിരുന്നു. കണ്ണൂർ ടൗൺ സ്റ്റേഷനിൽ ഹാജരായാണ് പ്രശാന്ത് മൊഴി നൽകിയത്. പാട്ടക്കരാർ വ്യവസ്ഥയിൽ പെട്രോൾ പമ്പിന് സ്ഥലം ലഭിക്കുന്നതിന് നൽകിയ രേഖയിലും നവീൻ ബാബുവിനെതിരെ നൽകിയെന്ന് പറയുന്ന പരാതിയിലും രണ്ട് തരത്തിലുള്ള പേരും ഒപ്പുമാണ് ഉണ്ടായിരുന്നത്.
ഒന്നിൽ ടിവി പ്രശാന്ത് എന്നും മറ്റൊന്നിൽ ടിവി പ്രശാന്തൻ എന്നുമാണ് പേര് രേഖപ്പെടുത്തിയിരുന്നത്. എന്നാല്‍, തനിക്ക് രണ്ട് തരത്തിലുള്ള ഒപ്പുകൾ ഉണ്ടെന്നാണ് മൊഴി നൽകിയത്.
Discussion about this post