എറണാകുളം:സൂപ്പർ താരങ്ങളായ മമ്മൂട്ടിയും മോഹൻലാൽ ചുരുക്കം ചില സിനിമകളിലാണ് ഒന്നിച്ച് അഭിനയിച്ചിട്ടുള്ളത്. ഈ ചിത്രങ്ങളെല്ലാം വലിയ വിജയങ്ങളും ആയിട്ടുണ്ട്. അടുത്തുതന്നെ ഇരുവരും ഒന്നിച്ചുള്ള ചിത്രം പുറത്തിറങ്ങാൻ പോകുന്നുവെന്നാണ് വിവരം. ഇതിനിടെ മമ്മൂട്ടിയുടെ ആവശ്യപ്രകാരം ഗീതം എന്ന സിനിമയിലെ സീൻ മുറിച്ച് മാറ്റേണ്ടിവന്നുവെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് സംവിധായകൻ സാജൻ. ഗീതം എന്ന ചിത്രത്തിൽ മോഹൻലാൽ അതിഥി വേഷത്തിൽ ആയിരുന്നു എത്തിയത്.
സ്വന്തം മകനെ തിരികെ വിദേശത്തേയ്ക്ക് കൊണ്ടുപോകാനായി എത്തുന്ന പിതാവിന്റെ വേഷത്തിലാണ് മോഹൻലാൽ എത്തുന്നത്. മമ്മൂട്ടിയുടെ അടുത്ത് വന്ന് മകനെ കൊണ്ടുപോകുമെന്ന് പറയുമ്പോൾ അവിടെ ഒരു സംഘർഷ സാഹചര്യം ഉണ്ടാകും. ഇതിനിടെ മമ്മൂട്ടി മദ്യക്കുപ്പി എറിഞ്ഞ് ഉടയ്ക്കും. അതാണ് സീൻ.
അന്ന് മോഹൻലാലിന് അധികം ഡേറ്റ് ഉണ്ടായിരുന്നില്ല. അതിനാൽ സീനുകൾ എല്ലാം പ്രത്യേകം പ്രത്യേകം ആണ് എടുത്തത്. മമ്മൂട്ടി വരാത്തപ്പോൾ മോഹൻലാലിന്റെ ഷോട്ടുകൾ എടുത്തു. മോഹൻലാൽ ഇല്ലാത്തപ്പോൾ മമ്മൂട്ടിയുടെയും. മദ്യ കുപ്പിയുമായിട്ടാണ് മോഹൻലാൽ എത്തുക. ഈ കുപ്പി സംസാരത്തിനിടെ മോഹൻലാൽ മേശയിൽവയ്ക്കും. ദേഷ്യംമൂത്ത് നിൽക്കുന്ന മമ്മൂട്ടി ഇതെടുത്ത് പൊട്ടിയ്ക്കും. അപ്പോൾ വളരെ കൂളായി മോഹൻലാൽ തിരിഞ്ഞ് നോക്കി ഇറ്റ് ഈസ് ടൂ ബാഡ് എന്ന് പറയും. മോഹൻലാലിന്റെ ദൃശ്യങ്ങൾ എല്ലാം നേരത്തെ എടുത്ത് വച്ചിരുന്നു.
കുപ്പി പൊട്ടിയ്ക്കുന്ന മമ്മൂട്ടിയുടെ രംഗം ആയിരുന്നു എടുക്കാനുണ്ടായിരുന്നത്. ലൊക്കേഷനിൽ എത്തിയ മമ്മൂട്ടി കുപ്പി കണ്ടു. ഇത് എന്തിനാണെന്ന് ചോദിച്ചു. രംഗം ഞാൻ പറഞ്ഞുകൊടുത്തു. എന്നാൽ ഇത് കേട്ട മമ്മൂട്ടി ഈ രംഗത്തിൽ അഭിനയിക്കില്ലെന്ന തറപ്പിച്ച് പറയുകയായിരുന്നു. അത് ശരി ഞാൻ ഇത്രയും കഷ്ടപ്പെട്ട് അഭിനയിച്ചിട്ട് ലാൽ തിരിഞ്ഞു നോക്കി ഇറ്റ് ഈസ് റ്റൂ ബാഡ് എന്ന് ലാൽ പറഞ്ഞാൽ എന്താണർത്ഥം? ആലോചിക്കൂ, സാജൻ സംവിധായകൻ അല്ലേ. അത് ബുദ്ധിമുട്ടാണ്, പറ്റില്ല എന്നായിരുന്നു അദ്ദേഹം പറഞ്ഞത്.
ഷൂട്ടിംഗ് തീർന്നു. ഡബ്ബിംഗ് വേളയിൽ മോഹൻലാൽ സീനിനെക്കുറിച്ച് ചോദിച്ചു. എന്നാൽ ഒന്നും പറഞ്ഞില്ല. അത് വേണ്ടാ എന്ന് വച്ചു എന്ന് മാത്രം മറുപടി നൽകി. ഓക്കെ മാറ്റിയല്ലേ, ശരി എന്ന് മോഹൻലാൽ പറഞ്ഞ് ഡബ്ബിംഗ് തുടർന്നു. മോഹൻലാലിന് അത് വലിയ വിഷമം ആയി എന്നും അദ്ദേഹം പറഞ്ഞു.
Discussion about this post