ശ്രീനഗർ: ജമ്മുകശ്മീരിൽ ആർട്ടിക്കിൾ 370 റദ്ദാക്കിയതിന് ശേഷം ഭീകരപ്രവർത്തനങ്ങളിൽ 70 ശതമാനത്തോളം കുറവ് വന്നെന്ന് കേന്ദ്രസർക്കാർ. നരേന്ദ്രമോദി സർക്കാരിന്റെ കാലത്ത് 2019 മുതലാണ് ഭീകരപ്രവർത്തനങ്ങളിൽ കുറവ് വന്നത്. പാർലമെന്ററി സ്റ്റാൻഡിങ് കൗൺസിലിന് മുന്നിലാണ് കേന്ദ്ര സർക്കാർ ഇക്കാര്യം വ്യക്തമാക്കിയത്.
എന്നാൽ കഴിഞ്ഞ അഞ്ചു വർഷങ്ങളായി തീവ്രവാദ കേസുകളിൽ കുറവുണ്ടെങ്കിലും ലഷ്‌കറെ തയിബ, ജെയ്‌ഷെ മുഹമ്മദ് തുടങ്ങിയ ഭീകരസംഘടനകളിൽനിന്നു ഭീഷണി തുടരുന്നുണ്ടെന്നും കേന്ദ്ര ആഭ്യന്തര സെക്രട്ടറി ഗോവിന്ദ് മോഹൻ വ്യക്തമാക്കി.
2019 മുതൽ 2024 വരെയുള്ള കാലഘട്ടത്തിൽ നേരിടേണ്ടിവന്ന ഭീകരവാദ ആക്രമണങ്ങളുടെ കണക്കുകളും കേന്ദ്ര ആഭ്യന്തരമന്ത്രാലയം വിശദീകരിച്ചിട്ടുണ്ട്. 2019ൽ ഭീകരവാദ ആക്രമണങ്ങളിൽ 50 പൗരന്മാർ കൊല്ലപ്പെട്ടു. എന്നാൽ 2024ൽ അത് 14ലേക്ക് ചുരുങ്ങി. 2019ൽ ജനങ്ങൾക്ക് നേരെ 73 ആക്രമണങ്ങൾ നടന്നു. എന്നാൽ ഈ വർഷം ഇതുവരെ അത് 10 എണ്ണമായി ചുരുങ്ങി. 2019 ൽ ജമ്മു കശ്മീരിൽ 286 ഭീകരപ്രവർത്തന കേസുകൾ റിപ്പോർട്ട് ചെയ്തു. എന്നാൽ ഈ വർഷം ഇതുവരെ റിപ്പോർട്ട് ചെയ്തത് 40 എണ്ണമാണ്. 2019ൽ സുരക്ഷാ ഉദ്യോഗസ്ഥർക്ക് നേരെ 96 ആക്രമണങ്ങൾ ഉണ്ടായി. 2020 ൽ 111ആയി. എന്നാൽ പിന്നിടുള്ള വർഷങ്ങളിൽ ഇത് ക്രമാതീതമായി കുറഞ്ഞതായി കാണാം. 2021 ൽ 95, 2022 ൽ 65, 2023 ൽ 15, 2024 ൽ ഇതുവരെ 5 എന്നിങ്ങനെയാണ് കണക്ക്. 2019 ൽ 77 സുരക്ഷാ ഉദ്യോഗസ്ഥർ കൊല്ലപ്പെട്ടു. 2020 ൽ 58 സുരക്ഷാ ഉദ്യോഗസ്ഥർ കൊല്ലപ്പെട്ടു. 2021ൽ 29, 22ൽ 26, 23ൽ 11, 2024ൽ 7 എന്നിങ്ങനെയാണ് കണക്ക്
Discussion about this post