മലപ്പുറം ; പി വി അൻവറിനെതിരെ കടുപ്പിച്ച് മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറിയും സിപിഎം നേതാവുമായ പി ശശി . അൻവറിനെതിരെ പി ശശി അപകീർത്തി കേസ് ഫയൽ ചെയ്തു. അപകീർത്തികരമായ പ്രസ്താവനകൾ പിൻവലിച്ചു മാപ്പു പറയണമെന്ന വക്കീൽ നോട്ടീസിന് മറുപടി നൽകാത്തതിനെ തുടർന്നാണ് കേസ് ഫയൽ ചെയ്തിരിക്കുന്നത്.
സിപിഎം സംസ്ഥാന സെക്രട്ടറിക്ക് നൽകിയ പരാതിക്കത്തിലെ ആരോപണങ്ങൾ പി വി അൻവർ മാദ്ധ്യമങ്ങളിലൂടെ പരസ്യപ്പെടുത്തിയതിനെതിരെയാണ് പി ശശി വക്കീൽ നോട്ടീസ് അയച്ചിരുന്നത്. അൻവറിന്റെ ആരോപണങ്ങൾ രാഷ്ട്രീയ ലക്ഷ്യത്തോടെയുള്ളതാണെന്നു ം ആരോപണങ്ങൾ പിൻവലിച്ച് ഖേദം പ്രകടിപ്പിക്കണമെന്നും വക്കീൽ നോട്ടീസിൽ ആവശ്യപ്പെടിരുന്നു.
ആരോപണങ്ങൾ പിൻവലിച്ചില്ലെങ്കിൽ ക്രിമിനൽ നടപടി സ്വീകരിക്കും എന്നും വക്കീൽ നോട്ടീസിൽ വ്യക്തമാക്കിയിരുന്നു. സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന് നൽകിയ കത്തിലെ ആരോപണങ്ങളും അൻവർ പൊതുസമ്മേളനങ്ങളിലും പത്രസമ്മേളനങ്ങളിലും ഉന്നയിച്ച ആരോപണങ്ങളും പിൻവലിച്ച് ഖേദം പ്രകടിപ്പിക്കണം എന്നാണ് പി ശശി ആവശ്യപ്പെടുന്നത്.
പി ശശിക്കെതിരെ നിരവധി ആരോപണങ്ങളാണ് അൻവർ ആരോപിച്ചിരുന്നത്. കാട്ടു കള്ളൻ എന്നെല്ലാം പി ശശിയെ വിളിച്ചിരുന്നു. രാഷ്ട്രീയ ഉത്തരവാദിത്തം നിറവേറ്റുന്നതിൽ ശശി പരാജയമായിരുന്നു. അത് മാത്രമല്ല. സർക്കാരിനെ പ്രതിസന്ധിയില്ലാക്കാൻ ശ്രമിക്കുകയും ശശി ചെയ്തു എന്നും അദ്ദേഹം ആരോപിച്ചു.
മുഖ്യമന്ത്രിയുടെ ഓഫീസിൽ പരാതികളുമായി വരുന്ന സ്ത്രീകളുടെ ഫോൺ നമ്പറുകൾ പി ശശി വാങ്ങിവെയ്ക്കും. പിന്നീടുള്ള വിവരങ്ങൾ പ്രത്യേകം ചോദിച്ചറിയും. ചിലരോട് ശൃംഗാരഭാവത്തിൽ സംസാരിച്ചതിനെത്തുടർന്ന് അദ്ദേഹത്തിന്റെ ഫോൺകോളുകൾ അവർ എടുക്കാതായ പരാതിക്കാരികൾ വരെ ഉണ്ടെന്നുള്ളതും അറിയാം. ഇത് എല്ലാം കൊണ്ട് മുഖ്യമന്ത്രിയുടെ പൊളിറ്റക്കൽ സെക്രട്ടറിയുടെ സ്ഥാനത്ത് ഇരിക്കാൻ ശശിക്ക് അർഹതയില്ല . ശശി തുടർന്നാൽ മുഖ്യമന്ത്രിക്ക് താങ്ങാനാവാത്ത മാനക്കേടും നാണക്കേടും ഉണ്ടാവുമെന്നും പരാതിക്കത്തിൽ സൂചിപ്പിക്കുന്നു.
Discussion about this post