ന്യൂഡൽഹി: ഇന്ത്യ തദ്ദേശീയമായി നിർമിച്ച അത്യാധുനിക പിനാക മൾട്ടി ബാരൽ റോക്കറ്റ് ലോഞ്ചർ സംവിധാനത്തിന്റെ പരീക്ഷണങ്ങൾ വിജയകരമായി പൂർത്തിയാക്കി ഡിആർഡിഒ. ഒന്നിലധികം ലക്ഷ്യസ്ഥാനങ്ങളിലേക്ക് തൊടുത്ത പിനാകയുടെ കൃത്യതയും സ്ഥിരതയും ഡിആർഡിഒ വിലയിരുത്തുകയുണ്ടായി.നരേന്ദ്ര മോദിയുടെ നേതൃത്വത്തിൽ തുടക്കം കുറിച്ച ‘മെയ്ക്ക് ഇൻ ഇന്ത്യ’ പദ്ധതിക്ക് കീഴിലുള്ള പ്രതിരോധ നിർമ്മാണ പ്രവർത്തനങ്ങൾക്ക് പിനാകയുടെ പരീക്ഷണ വിജയം ഒരു മുതൽക്കൂട്ട് ആയിരിക്കുകയാണ്.
പ്രതിരോധ നിർമ്മാണ രംഗത്ത് താരതമ്യേനെ തുടക്കക്കാരാണെങ്കിലും അമേരിക്കയുടെ ഹിമാർസ് സംവിധാനത്തിന് തുല്യമായിട്ടാണ് പിനാക സംവിധാനം കണക്കാക്കപ്പെടുന്നത്. ഇതോടു കൂടി ഇന്ത്യയുടെ ആദ്യത്തെ “പ്രധാന പ്രതിരോധ” കയറ്റുമതി സംരംഭത്തിൽ സ്ഥാനം പിടിച്ചിരിക്കുകയാണ് പിനാക. . സംഘർഷബാധിതമായ അർമേനിയയാണ് പിനാക സംവിധാനം വാങ്ങാൻ ആദ്യ ഓർഡർ നൽകിയത്. ഇപ്പോൾ ഫ്രാൻസും പിനാകയ്‌ക്കായി അതീവ താൽപര്യം പ്രകടിപ്പിച്ചിട്ടുണ്ട്. തങ്ങളുടെ സൈന്യത്തിന്റെ പീരങ്കി വിഭാഗത്തെ ശക്തിപ്പെടുത്തുകയാണ് പിനാകയുടെ സമ്പാദനത്തിലൂടെ ഫ്രാൻസ് ലക്ഷ്യമിടുന്നത്. വരുന്ന വാരം ഇതിന്റെ പരീക്ഷണം നടക്കുമെന്നും സൂചനയുണ്ട്.
മുമ്പ് ബ്രഹ്മോസ് മിസൈലുകളും, തേജസ് പോർവിമാനങ്ങളും, അഗ്നി മിസൈലുകളും ഇന്ത്യ കയറ്റുമതി ചെയ്തിട്ടുണ്ടെങ്കിലും, അതൊക്കെ താരതമ്യേനെ സാങ്കേതികമായി പിന്നോക്കം നിൽക്കുന്ന രാജ്യങ്ങൾക്കായിരിന്നു. എന്നാൽ ഇന്ത്യ റാഫേൽ വിമാനം മേടിച്ച ഫ്രാൻസിന് തന്നെ നമ്മുടെ ഒരു ഉത്പന്നം വിൽക്കാൻ കഴിയുക എന്നത് ഇന്ത്യൻ പ്രതിരോധ നിർമ്മാണ സംവിധാനത്തിന് അഭിമാനകരമായ ഒരേട് തന്നെയാണ്.
പരമശിവൻ്റെ ദിവ്യമായ വില്ലിൻ്റെ പേരിലുള്ള പിനാക റോക്കറ്റ് സംവിധാനം റഷ്യൻ ഗ്രാഡ് ബിഎം -21 റോക്കറ്റ് ലോഞ്ചറിന് പകരമാണ്.
ഡിആർഡിഒയുടെ കീഴിൽ വരുന്ന ആർമമെൻ്റ് റിസർച്ച് ആൻഡ് ഡെവലപ്‌മെൻ്റ് എസ്റ്റാബ്ലിഷ്‌മെൻ്റ് അല്ലെങ്കിൽ എആർഡിഇയാണ് പിനാക റോക്കറ്റ് സംവിധാനം വികസിപ്പിച്ചെടുത്തത്. വ്യത്യസ്ത തരം വാർഹെഡുകളും ഫ്യൂസുകളും ഉപയോഗിച്ച് പരമാവധി 38 കിലോമീറ്റർ പരിധിയുള്ള ഫ്രീ-ഫ്ലൈറ്റ് ആർട്ടിലറി റോക്കറ്റ് ഈ സംവിധാനത്തിൽ ഉൾപ്പെടുന്നു. ഒരേ സമയം നിരവധി റോക്കറ്റുകൾ ലോഞ്ച് ചെയ്യാനുള്ള കഴിവ് , റീപ്ലിനിഷ്‌മെൻ്റ്-കം-ലോഡർ വെഹിക്കിൾ, റീപ്ലിനിഷ്‌മെൻ്റ് വെഹിക്കിൾ, കമാൻഡ് പോസ്റ്റ് വെഹിക്കിൾ എന്നിവ പിനാകയ്ക്ക് ശക്തി പകരുന്നുണ്ട്.
പിനാക സംവിധാനത്തിൻ്റെ നിലവിലെ പതിപ്പ് ഒരു ഗൈഡഡ്സംവിധാനമാണ്. അതായത് കൃത്യമായ ലക്ഷ്യത്തിലേക്ക് റോക്കറ്റുകളെ നയിക്കാൻ പിനാക സംവിധാനത്തിലൂടെ കഴിയും. അതുകൊണ്ട് തന്നെ റോക്കറ്റുകളുടെ റേഞ്ച് ആദ്യ പതിപ്പിൻ്റെ ഇരട്ടിയായി വർദ്ധിപ്പിക്കാൻ ഇപ്പോൾ കഴിഞ്ഞിട്ടുണ്ട് . ചൈനയുടെ ലോംഗ് റേഞ്ച് ഗൈഡഡ് റോക്കറ്റ് സംവിധാനങ്ങളെ പ്രതിരോധിക്കുന്നതിനായി 120 കി.മീ, 150 കി.മീ, 200 കി.മീ എന്നിവയിൽ കൂടുതൽ ദൂരപരിധിക്കുള്ള ശേഷിയുള്ള ഗൈഡഡ് പിനാക സംവിധാനം വികസിപ്പിക്കാനാണ് ഡിആർഡിഒ ഇപ്പോൾ പ്രവർത്തിച്ചു കൊണ്ടിരിക്കുന്നത്.
അതേസമയം ഇരുരാജ്യങ്ങളും തമ്മിലുള്ള പ്രതിരോധവും തന്ത്രപരവുമായ ബന്ധം ശക്തിപ്പെടുത്തുന്നതിൻ്റെ ഭാഗമായാണ് ഫ്രാൻസ് പിനാക സംവിധാനം വാങ്ങുന്നത് . റഷ്യ കഴിഞ്ഞാൽ ഇന്ത്യയുടെ ഏറ്റവും വലിയ രണ്ടാമത്തെ പ്രതിരോധ വിതരണക്കാരാണ് ഫ്രാൻസ്. അടുത്തിടെ നടന്ന ടി എസി 295 ട്രാൻസ്പോർട്ട് എയർക്രാഫ്റ്റ് ഇടപാടും റാഫേൽ ഇടപാടും പാരീസിൻ്റെയും ന്യൂഡൽഹിയുടെയും ഉറച്ച പ്രതിരോധ ബന്ധത്തിൻ്റെ തെളിവാണ്.
Discussion about this post