പത്തനംതിട്ട: ഏറെക്കാലമായുള്ള അനിശ്ചിതത്വങ്ങള്‍ക്കും തര്‍ക്കങ്ങള്‍ക്കും വിരാമമിട്ട് ശബരിമലയിൽ വമ്പന്‍ പദ്ധതി ഒരുങ്ങുന്നു. ശബരിമലയിൽ റോപ് വേ പദ്ധതി നടപ്പാക്കാൻ സര്‍ക്കാര്‍ ഉത്തരവായി. വനംവകുപ്പിന്‍റെ എതിര്‍പ്പ് ഉള്‍പ്പെടെ പരിഹരിച്ചുകൊണ്ടാണ് ശബരിമലയില്‍ നടപ്പാക്കുന്ന റോപ് വേ പദ്ധതിയുമായി മുന്നോട്ട് പോകുന്നത്.
വനഭൂമിക്ക് പകരം റവന്യു ഭൂമി നൽകികൊണ്ടാണ് സര്‍ക്കാര്‍ പദ്ധതി ഒരുങ്ങുന്നത്. ഇതിനുള്ള ഉത്തരവ് സര്‍ക്കാര്‍ പുറത്തിറക്കി. ഭൂമി തര്‍ക്കം ഉള്‍പ്പെടെ നിലനില്‍ക്കുന്നതിനെ തുടര്‍ന്ന് വര്‍ഷങ്ങളായി നിലച്ചുപോയ പദ്ധതിയാണ് ഇപ്പോൾ വീണ്ടും ആരംഭിക്കുന്നത്. പദ്ധതിക്കായി 4.5336 ഹെക്ടര്‍ വനഭൂമിയാണ് സര്‍ക്കാര്‍ ഏറ്റെടുക്കുന്നത്. ഇതിന് പകരമായി കൊല്ലം പുനലൂര്‍ താലൂക്കിലെ 4.5336 ഹെക്ടര്‍ റവന്യു ഭൂമി വനംവകുപ്പിന് കൈമാറികൊണ്ടാണ് ഉത്തരവായത്.
റോപ് വേ പദ്ധതിയുടെ തറക്കല്ലിടൽ ഈ തീര്‍ത്ഥാടന സീസണിൽ തന്നെ ഇടാനാണ് സര്‍ക്കാരിന്റെ തീരുമാനം. പമ്പയിൽ നിന്നും സന്നിധാനത്തേക്കുള്ള ചരക്കുനീക്കത്തിനും അത്യാവശ്യ ഘട്ടങ്ങളിൽ ആംബുലൻസ് സർവീസായും റോപ് വേ ഉപയോഗിക്കാനാകും.
പമ്പ ഹിൽടോപ്പിൽ നിന്ന് തുടങ്ങി മാളികപ്പുറം പോലീസ് ബാരക്കിന് സമീപം അവസാനിക്കും വിധമാണ് നിർദ്ദിഷ്ട റോപ് വേ തയ്യാറാക്കുന്നത്. 12 മീറ്റർ വീതിയിലും 2.8 കിലോമീറ്റർ നീളത്തിലും ഒരുങ്ങുന്ന റോപ് വേക്കായി പമ്പയ്ക്കും സന്നിധാനത്തിനുമിടയിൽ 60 മീറ്റർ പൊക്കത്തിൽ അഞ്ച് ടവറുകളാണ് നിര്‍മിക്കേണ്ടത്.
150 കോടിയാണ് പദ്ധതിയുടെ ചിലവ് പ്രതീക്ഷിക്കുന്നത്. 2011 ലാണ് റോപ് വേ നിർമ്മാണത്തിന് നടപടി തുടങ്ങിയത്. 19 ൽ ആദ്യസർവേ നടന്നെങ്കിലും വനംവകുപ്പ് എതിർത്തു. പുതുക്കിയ അലൈൻമെന്‍റ് വനംവകുപ്പിനും സ്വീകാര്യമാണ്.
Discussion about this post