അബുജ: രാജ്യത്തെ ഏറ്റവും വലിയ രണ്ടാമത്തെ ദേശീയ പുരസ്‌കാരം നൽകി പ്രധാനമന്ത്രി നരേന്ദ്രമോദിയെ ആദരിച്ച് നൈജീരിയ.ഗ്രാൻഡ് കമാൻഡർ ഓഫ് ദി ഓർഡർ ഓഫ് ദി നൈജർ നൽകിയാണ് ആദരം. നൈജീരിയൻ പ്രസിഡന്റ് ബോല അഹമ്മദ് ടിനുബു ആണ് പുരസ്‌കാരം സമ്മാനിച്ചത്.മോദിക്ക് ലഭിക്കുന്ന 17-ാമത്തെ രാജ്യാന്തര പുരസ്‌കാരമാണ് ഗ്രാൻഡ് കമാൻഡർ ഓഫ് ദി ഓർഡർ ഓഫ് നൈജർ.
എലിസബത്ത് രാജ്ഞിക്ക് ശേഷം ഗ്രാൻഡ് കമാൻഡർ ഓഫ് ദി ഓർഡർ ഓഫ് നൈജർ പുരസ്‌കാരത്തിന് അർഹനാകുന്ന വിദേശിയാണ് നരേന്ദ്ര മോദി. 1969ലായിരുന്നു നൈജീരിയൻ ഭരണകൂടം പുരസ്‌കാരം നൽകി എലിസിബത്ത് രാജ്ഞിയെ ആദരിച്ചത്. ഇന്ത്യയിലെ 140 കോടി ജനങ്ങൾക്ക് പുരസ്‌കാരം സമ്മാനിക്കുന്നുവെന്ന് നരേന്ദ്ര മോദി പറഞ്ഞു. ഗ്രാൻഡ് കമാൻഡർ ഓഫ് ദി ഓർഡർ ഓഫ് ദി നൈജർ പുരസ്‌കാരം ലഭിച്ചതിൽ തനിക്ക് അതിയായ സന്തോഷമുണ്ട്. ഇതിന് നൈജീരിയൻ സർക്കാരിനോട് നന്ദി പറയാൻ ആഗ്രഹിക്കുന്നു. 140 കോടി ഇന്ത്യൻ പൗരന്മാർക്കും ഇന്ത്യയും നൈജീരിയയും തമ്മിലുള്ള അഗാധമായ സൗഹൃദത്തിനും പുരസ്‌കാരം സമർപ്പിക്കുന്നുവെന്നും മോദി പറഞ്ഞു.
പ്രസിഡന്റ് ബോല അഹമ്മദ് ടിനുബുവിന്റെ ക്ഷണപ്രകാരമാണ് മോദിയുടെ നൈജീരിയൻ സന്ദർശനം. 17 വർഷത്തിന് ശേഷമാണ് ഒരു ഇന്ത്യൻ പ്രധാനമന്ത്രി നൈജീരിയ സന്ദർശിക്കുന്നത്. ഇന്ത്യയും നൈജീരിയയും തമ്മിലുള്ള നയതന്ത്ര ബന്ധം കൂടുതൽ ശക്തിപ്പെടുത്താൻ ലക്ഷ്യം വെച്ചാണ് സന്ദർശനം.
Discussion about this post