മുംബൈ : ഇനി സംവിധായക കുപ്പായം അണിയാനില്ലെന്ന് പ്രഖ്യാപിച്ച് ബോളിവുഡ് സംവിധായകനും നിർമ്മാതാവും നടൻ ഹൃത്വിക് റോഷന്റെ പിതാവുമായ രാകേഷ് റോഷൻ. നിരവധി ഹിറ്റ് ബോളിവുഡ് ചിത്രങ്ങളുടെ സംവിധായകനായിരുന്ന രാകേഷ് റോഷൻ ഇനി നിർമ്മാണ രംഗത്ത് മാത്രം ശ്രദ്ധ കേന്ദ്രീകരിക്കാനാണ് തീരുമാനമെടുത്തിട്ടുള്ളത്. ക്രിഷ് 4 എന്ന ചിത്രമാണ് താൻ പുതുതായി നിർമ്മിക്കാൻ പോകുന്നത് എന്നും അദ്ദേഹം വെളിപ്പെടുത്തി.
ബോളിവുഡിലെ എക്കാലത്തെയും ശ്രദ്ധേയ ചിത്രങ്ങളായ ഖേൽ,കരൺ അർജുൻ, കഹോ നാ പ്യാർ ഹേ, കൊയി മിൽ ഗയ, ക്രിഷ് 2, ക്രിഷ് 3 എന്നിവ അടക്കം നിരവധി ചിത്രങ്ങൾ രാകേഷ് റോഷൻ സംവിധാനം ചെയ്തിട്ടുണ്ട്. സംവിധായകരംഗത്ത് കൂടാതെ നടനായും നിർമ്മാതാവായും ബോളിവുഡിൽ തിളങ്ങിയിട്ടുള്ള വ്യക്തിത്വമാണ് രാകേഷ്. മകൻ ഹൃത്വിക് റോഷനെ ആദ്യമായി സിനിമയിൽ അവതരിപ്പിച്ചതും അദ്ദേഹം തന്നെയാണ്.
2003-ൽ കോയി മിൽ ഗയ എന്ന സയൻസ് ഫിക്ഷൻ ചിത്രത്തിലൂടെയാണ് രാകേഷ് റോഷൻ ക്രിഷ് യൂണിവേഴ്സിന് തുടക്കം കുറിച്ചത്. 2006-ൽ പുറത്തിറങ്ങിയ ക്രിഷ് ഒരു സൂപ്പർഹീറോ സിനിമ പരമ്പരയ്ക്ക് തുടക്കമിട്ടു. കോയി മിൽ ഗയയിൽ പ്രീതി സിന്റയും ക്രിഷ് 2, 3 ഭാഗങ്ങളിൽ പ്രിയങ്ക ചോപ്രയും ആണ് നായികമാരായിരുന്നത്. ക്രിഷ് 4 ഉടൻതന്നെ പുറത്തിറങ്ങും എന്നും രാകേഷ് റോഷൻ പ്രഖ്യാപിച്ചിട്ടുണ്ട്. ഈ ചിത്രത്തിന്റെ നിർമ്മാണം മാത്രമായിരിക്കും താൻ നിർവഹിക്കുക എന്നും അദ്ദേഹം വ്യക്തമാക്കി.
Discussion about this post