പാലക്കാട്: കൊട്ടിക്കലാശം ഇളക്കിമറിച്ച പാലക്കാട് ഇന്ന് നിശബ്ദപ്രചാരണം. ആരവങ്ങൾ ഇല്ലാതെ സ്ഥാനാർത്ഥികൾ ഇന്ന് വീടുവീടാന്തരം കയറി ഇറങ്ങി തങ്ങളുടെ വോട്ടുകൾ ഒന്നുകൂടി ഉറപ്പിക്കും. നാളെയാണ് പാലക്കാട് തിരഞ്ഞെടുപ്പ് നടക്കുന്നത്.
ഈ ഉപതിരഞ്ഞെടുപ്പ് കാലത്ത് അപ്രതീക്ഷിത ട്വിസ്റ്റുകൾ സാക്ഷ്യം വഹിച്ച മണ്ഡലമാണ് പാലക്കാട്. അതുകൊണ്ട് തന്നെ മൂന്ന് മുന്നണികൾക്കും ഇത്തവണത്തെ തിരഞ്ഞെടുപ്പ് ഏറെ നിർണായകം ആണ്. തിരഞ്ഞെടുപ്പിൽ മണ്ഡലം പിടിയ്ക്കുമെന്ന ആത്മവിശ്വാസത്തിലാണ് മൂന്ന് മുന്നണികളും.
പാർട്ടിയുടെ യുവ മുഖമായ രാഹുൽ മാങ്കൂട്ടത്തെയാണ് കോൺഗ്രസ് മണ്ഡലം പിടിയ്ക്കാൻ നിയോഗിച്ചിരിക്കുന്നത്. കോൺഗ്രസിൽ നിന്നും ചേക്കേറിയ ഡോ. പി സരിനാണ് ഇടത് സ്ഥാനാർത്ഥി. തങ്ങളുടെ പ്രബലനായ നേതാവ് സി. കൃഷ്ണകുമാറിനെയാണ് ഇക്കുറി തിരഞ്ഞെടുപ്പിൽ ബിജെപി രംഗത്ത് ഇറക്കിയിരിക്കുന്നത്.
പാലക്കാട് മത്സരിക്കാൻ രാഹുൽ മാങ്കൂട്ടത്തെ കോൺഗ്രസ് തീരുമാനിച്ചതിന് പിന്നാലെ ആയിരുന്നു മണ്ഡലത്തിൽ രാഷ്ട്രീയ ട്വിസ്റ്റുകൾ ആരംഭിച്ചത്. രാഹുലിന്റെ സ്ഥാനാർത്ഥിത്വത്തെ രൂക്ഷമായി വിമർശിച്ച സരിൻ പാർട്ടിവിട്ട് സിപിഎമ്മിലേക്ക് പോകുകയായിരുന്നു. തുടർന്ന് ഇടത് സ്വതന്ത്രനായി മത്സരിക്കുമെന്ന പ്രഖ്യാപനവും വന്നു. കോൺഗ്രസ് നേതാക്കൾക്കെതിരെ ഉയർന്ന കള്ളപ്പണവിവാദവും മണ്ഡലത്തെ പിടിച്ച് കുലുക്കി. സന്ദീപ് വാര്യരുടെ കോൺഗ്രസ് പ്രവേശനത്തിലാണ് പാലക്കാട്ടെ രാഷ്ട്രീയ ട്വിസ്റ്റുകൾ എത്തിനിൽക്കുന്നത്.
1,94,706 വോട്ടർമാരാണ് മണ്ഡലത്തിൽ ഉള്ളത്. ഇതിൽ 1,00,290 പേർ സ്ത്രീ വോട്ടർമാരാണ്. ആകെ വോട്ടർമാരിൽ 2306 പേർ 85 വയസ്സിനു മുകളിൽ പ്രായമുള്ളവരും 2445 പേർ 18-19 വയസ്സുകാരും 780 പേർ ഭിന്നശേഷിക്കാരും നാലു പേർ ട്രാൻസ്ജെൻഡേഴ്സും ആണ്. 229 ആണ് പട്ടികയിൽ ഉൾപ്പെട്ടിട്ടുള്ള പ്രവാസി വോട്ടർമാരുടെ എണ്ണം.
Discussion about this post