സുരക്ഷിത നിക്ഷേപമെന്ന നിലയിൽ എന്നും ആവശ്യക്കാരേറെയുള്ള ലോഹമാണ് സ്വർണം. വിലഏറിയാലും കുറഞ്ഞാലും സ്വർണത്തിന്റെ ഡിമാൻഡ് മാറ്റമില്ലാതെ തുടരാറുണ്ട്. അടുത്ത കാലത്തായി സ്വർണവില മാറി മറിയുന്നതോടെ, ഇപ്പോൾ വാങ്ങണോ അതോ കാത്തിരിക്കണോയെന്ന ചോദ്യം ഉയരുന്നുണ്ട്.നിക്ഷേപകർക്ക്, സ്വർണ്ണ വില കുറയുന്നത് സുവർണാവസരമാണ്. രാജ്യാന്തര തലത്തിൽ സാമ്പത്തിക അനിശ്ചിതത്വം ഉടലെടുക്കുക, യുദ്ധ സമാന സാഹചര്യം ഉണ്ടാവുക, ഓഹരി വിപണികൾ ഇടിയുക തുടങ്ങിയ സാഹചര്യങ്ങളിലെല്ലാം സ്വർണം നിക്ഷേപ മാർഗമെന്ന നിലയിൽ ആളുകൾ വാങ്ങിക്കൂട്ടാറുണ്ട്. അപ്പോൾ സ്വർണ വില കൂടും. ആഗോള വിപണികൾ സ്ഥിരത കൈവരിക്കുമ്പോൾ സ്വർണത്തിന്റെ ആവശ്യകത കുറയുന്നു. അപ്പോൾ സ്വർണത്തിന്റെ വില കുറയുന്നു. നിലവിൽ യുഎസ് ഡോളറും യുഎസ് സർക്കാരിന്റെ ട്രഷറി ബോണ്ട് യീൽഡും (കടപ്പത്ര ആദായനിരക്ക്) ഉയരുന്നതാണ് പ്രധാനമായും സ്വർണ വില കുറയുന്നതിന്റെ കാരണമത്രേ.
ഇതിനിടെ ഉയരുന്ന ചോദ്യമാണ് ഇന്ത്യയിലെ സ്വർണവിലയാണോ യുഎഇയിലെ സ്വർണവിലയാണോ കുറവ് എന്നത്. ഇന്ത്യ, സ്വർണത്തിന്റെ ഇറക്കുമതി തീരുവ 15 ശതമാനത്തിൽ നിന്ന് 6 ശതമാനമാക്കി കുറച്ചിരുന്നു, ഇത് മുൻനിർത്തിയാണ് ഇത്തരത്തിലൊരു ചർച്ച ഉയരുന്നത്. ഇറക്കുമതി തീരുവ കുറച്ചത് യുഎഇയിൽ നിന്നും ഇന്ത്യയിൽ നിന്നും സ്വർണം വാങ്ങുമ്പോൾ വിലയിലുണ്ടാകുന്ന വ്യത്യാസത്തിൽ കുറവ് വരുത്തുക മാത്രമാണ് ചെയ്തതെന്നാണ് സ്വർണ വ്യാപാരികൾ പറയുന്നത്.
യുഎഇയിൽ 22 കാരറ്റ് ഒരു ഗ്രാം സ്വർണത്തിന് വ്യാഴാഴ്ച 298.75 ദിർഹമാണ് വില. ഒരു ദിർഹത്തിന് 23 രൂപയെന്ന വിനിമയ നിരക്കിൽ കണക്കാക്കിയാൽ 6871.25 ഇന്ത്യൻ രൂപ. അതേസമയം വ്യാഴാഴ്ച ഇന്ത്യയിൽ 22 കാരറ്റ് ഒരു ഗ്രാം സ്വർണത്തിന് 7145 രൂപയാണ് നൽകേണ്ടത്. യുഎഇയിലെ വാറ്റും ഇന്ത്യയിലെ ജിഎസ് ടിയും കണക്കുകൂട്ടിയാലും ഈ വ്യത്യാസം പ്രകടമാണ്.
ഇന്ത്യയിലെ നിയമ വ്യവസ്ഥ അനുസരിച്ച് വിദേശ രാജ്യങ്ങളിൽ നിന്ന് നികുതി അടയ്ക്കാതെ സ്ത്രീയ്ക്ക് 100000 രൂപയുടെ സ്വർണവും പുരുഷന് 50,000 രൂപയുടെ സ്വർണവും കൊണ്ടുവരാം.യുഎഇയിൽ ടൂറിസ്റ്റ് വിസയിലെത്തുന്നവർക്ക് തിരികെ പോകുമ്പോൾ, യുഎഇയിൽനിന്ന് വാങ്ങിച്ച സാധനങ്ങളുടെ വാറ്റ് (നികുതി ) തുക തിരികെ കിട്ടാനുളള സംവിധാനം ഒരുക്കിയിട്ടുണ്ട്. സ്വർണത്തിനും ഇത് ബാധകമാണ്. വാറ്റുൾപ്പടെയുളള നിരക്ക് കൊടുത്തുവാങ്ങുന്ന സ്വർണത്തിന് ആ തുക തിരികെ ലഭിക്കുമ്പോൾ ആകെ നൽകിയ തുക വീണ്ടും കുറയുമെന്നർത്ഥം.
Discussion about this post