ബാങ്കോക്ക്: യാത്രകൾ വളരെയേറെ ഇഷ്ടപ്പെടുന്ന നടിയാണ് അഹാന കൃഷ്ണ. ഷൂട്ടിംഗ് തിരക്കുകൾ കഴിഞ്ഞാൽ ഒരു യാത്ര താരത്തിന് നിർബന്ധമാണ്. ഇതിന്റെ ചിത്രങ്ങളും വീഡിയോകളും ആരാധകർക്കായി താരം പങ്കുവയ്ക്കാറുണ്ട്. ഇത് ആരാധകർ ഏറ്റെടുക്കാറുമുണ്ട്. പലപ്പോഴും ആരാധകരുടെ വിമർശനങ്ങൾക്കും ഇത്തരം പങ്കുവയ്ക്കലുകൾ വഴിവയ്ക്കാറുണ്ട്. അടുത്തിടെ സഹോദരിയ്ക്കും ഭർത്താവിനുമൊപ്പം വിദേശത്തേയ്ക്ക് യാത്ര പോയതിനെ തുടർന്നുണ്ടായ പ്രതികരണങ്ങൾ ഇതിന് ഉദാഹരണം ആണ്. എന്നാൽ ഇതൊന്നും വകവയ്ക്കാതെ തന്റെ യാത്രകൾ തുടരുകയാണ് അഹാന. ഇപ്പോഴിതാ അഹാനയുടെ യാത്ര എത്തി നിൽക്കുന്നത് ആകട്ടെ തായ്‌ലൻഡിലാണ്. ഇവിടെ നിന്നുള്ള താരത്തിന്റെ ചിത്രങ്ങൾ കൊണ്ടാണ് സോഷ്യൽ മീഡിയ ഇപ്പോൾ നിറയുന്നത്.
തായ്‌ലൻഡിലെ ബാങ്കോക്ക്, പട്ടായ എന്നീ സ്ഥലങ്ങളിലാണ് അഹാനയുടെ സന്ദർശനം. ഇക്കാര്യം താരം ചിത്രങ്ങൾക്കൊപ്പമുള്ള കുറിപ്പിൽ പറയുന്നുണ്ട്. അൽപ്പം പട്ടായയും ബാങ്കോക്കും കലർന്നുള്ള വേർഷൻ എന്നാണ് അഹാന ചിത്രങ്ങൾക്ക് മുകളിലായി കൊടുത്തിട്ടുള്ള അടിക്കുറിപ്പ്. വഞ്ചിയാത്ര ആസ്വദിക്കുന്നതിന്റെയും, ബീച്ചിൽ സമയം ചിലവിടുന്നതിന്റെയും ചിത്രങ്ങളാണ് താരം സോഷ്യൽ മീഡിയയിൽ പങ്കുവയ്ക്കുന്നത്.
സാധാരണയായി സ്വന്തം കുടുംബാംഗങ്ങൾ ആകും യാത്രകളിൽ അഹാനയ്‌ക്കൊപ്പം ഉണ്ടാകുക. എന്നാൽ ഇക്കുറി മറ്റൊരാളാണ് അഹാനയ്‌ക്കൊപ്പം യാത്രയിൽ ഉള്ളത്. സ്‌കൂൾകാലം മുതൽ ഒപ്പം ഉണ്ടായിരുന്ന റിയ ആണ് താരത്തിനൊപ്പം ഉള്ളത്.
ഹോളി ഏഞ്ചൽ സ്‌കൂളിലെ ക്ലാസ് മുറിയിൽ നിന്നാണ് ഇരുവരുടെയും സൗഹൃദം ആരംഭിച്ചത്. ഈ സൗഹൃദം ഇപ്പോഴും തുടരുന്നു. അടുത്തിടെ ഗോവയ്ക്ക് പോയപ്പോഴും റിയ അഹാനയ്ക്ക് ഒപ്പം ഉണ്ടായിരുന്നു. കൊറിയോഗ്രാഫറും അഭിനേത്രിയുമായ സജ്‌ന നജാമിന്റെ ഇളയ പുത്രിയാണ് റിയ.
Discussion about this post