എറണാകുളം: ടൊവിനോ തോമസ് നായകനായ പുതിയ ചിത്രത്തിൽ അഭിനേതാക്കളെ ആവശ്യപ്പെട്ട് തട്ടിപ്പ്. പുതുതായി ചിത്രീകരണം ആരംഭിച്ച നരിവേട്ടയിൽ അഭിനയിക്കാൻ ജൂയനിയർ ആർട്ടിസ്റ്റുകളെ ആവശ്യമുണ്ടെന്ന് പറഞ്ഞാണ് തട്ടിപ്പ്. സംഭവവുമായി ബന്ധപ്പെട്ട് സംവിധായകൻ അനുരാജ് മനോഹർ പോലീസിൽ പരാതി നൽകി.
സുൽത്താൻ ബത്തേരി പോലീസിലാണ് പരാതി നൽകിയത്. നരിവേട്ട സിനിമയിൽ ജൂനിയർ ആർട്ടിസ്റ്റായി അവസരം നൽകാമെന്ന് വാഗ്ദാനം ചെയ്ത് തട്ടിപ്പ് സംഘം പണം തട്ടിയെന്നാണ് പരാതി. തൃശ്ശൂർ സ്വദേശികളായ ചിലരാണ് സംഭവത്തിന് പിന്നിൽ എന്നും പരാതിയിൽ അനുരാജ് പറയുന്നു. സംഭവത്തിൽ പോലീസ് കേസ് എടുത്തിട്ടുണ്ട്.
പരാതി നൽകിയതിന് പിന്നാലെ അനുരാജ് ആളുകൾക്കായുള്ള മുന്നറിയിപ്പും പങ്കുവച്ചിട്ടുണ്ട്. നരിവേട്ടയുടെ ചിത്രീകരണം ആരംഭിച്ച് 40 ദിവസങ്ങൾ പിന്നിട്ടു എന്ന് അദ്ദേഹം പറഞ്ഞു. അയ്യായിരം മുതൽ ആറായിരം വരെ ജൂനിയർ ആർട്ടിസ്റ്റുകൾ ചിത്രത്തിൽ അഭിനയിച്ചു കഴിഞ്ഞു. നിലവിൽ ആർട്ടിസ്റ്റുകളെ ആവശ്യമില്ലെന്നും അനുരാജ് വ്യക്തമാക്കി.
കുറച്ചധികം ജൂനിയർ ആർട്ടിസ്റ്റുകൾ ഉള്ള സിനിമയാണ് നരിവേട്ട. നിലവിൽ കോഡിനേറ്ററെ വച്ചാണ് കാസ്റ്റിംഗ് നടത്തിവരുന്നത്. ഇവർ നേരത്തെ പല സോഷ്യൽ മീഡിയ ഗ്രൂപ്പുകളിലും ജൂനിയർ ആർട്ടിസ്റ്റുകളെ ആവശ്യമുണ്ട് എന്ന തരത്തിൽ പോസ്റ്റിട്ടിരുന്നു. ഇത് കണ്ടാണ് തൃശ്ശൂരിലെ തട്ടിപ്പ് സംഘം തട്ടിപ്പ് നടത്തുന്നത്. നിലവിൽ ഞങ്ങൾ കാസ്റ്റിംഗ് കോൾ പുറപ്പെടുവിച്ചിട്ടില്ല. നിലവിൽ വയനാട്ടിലാണ് ഷൂട്ടിംഗ് നടക്കുന്നത് എന്നും അദ്ദേഹം പറഞ്ഞു.
Discussion about this post