ചെന്നൈ : സംഗീതസംവിധായകൻ എ ആർ റഹ്മാനും ഭാര്യ സൈറ ബാനുവും വിവാഹമോചനത്തിന് ഒരുങ്ങുന്നു എന്ന വാർത്ത ഞെട്ടലോടെയാണ് അദ്ദേഹത്തിന്റെ ആരാധകർ കേട്ടിരുന്നത്. തൊട്ടു പിന്നാലെ തന്നെ എ ആർ റഹ്മാന്റെ സംഗീത സംഘത്തിലെ ബാസിസ്റ്റ് മോഹിനി ഡേയുമായുള്ള ബന്ധമാണ് വിവാഹമോചനത്തിന് കാരണമെന്ന രീതിയിൽ ഗോസിപ്പുകൾ വന്നിരുന്നു. എന്നാൽ ഈ വാർത്തകളെ തള്ളിക്കൊണ്ട് രംഗത്ത് എത്തിയിരിക്കുകയാണ് റഹ്മാന്റെ മകൻ എ ആർ അമീൻ.
പിതാവിന്റെ വിവാഹമോചനവുമായി ബന്ധപ്പെട്ട് പ്രചരിപ്പിക്കപ്പെടുന്ന കിംവദന്തികളെ അമീൻ ശക്തമായി അപലപിച്ചു. എൻ്റെ അച്ഛൻ ഒരു ഇതിഹാസമാണ്. തന്നെ അവിശ്വസനീയമായ സംഭാവനകൾ കൊണ്ട് വർഷങ്ങളായി അദ്ദേഹം ജനങ്ങളിൽ നിന്നും സ്നേഹവും ബഹുമാനവും നേടിയെടുത്തു. അദ്ദേഹത്തിൻ്റെ പേരിൽ തെറ്റായതും അടിസ്ഥാനരഹിതവുമായ കിംവദന്തികൾ കാണുന്നത് നിരാശാജനകമാണ്, എന്നായിരുന്നു എ ആർ അമീൻ തന്റെ ഇൻസ്റ്റഗ്രാം പോസ്റ്റിലൂടെ പങ്കുവെച്ചത്.
ഒരാളുടെ ജീവിതത്തെയും പൈതൃകത്തെയും കുറിച്ച് സംസാരിക്കുമ്പോൾ സത്യത്തിൻ്റെയും ആദരവിൻ്റെയും പ്രാധാന്യം നമുക്കെല്ലാവർക്കും ഓർമ്മിക്കാം. ഇത്തരം തെറ്റായ വിവരങ്ങൾ പ്രചരിപ്പിക്കുന്നതിൽ നിന്ന് ദയവായി വിട്ടുനിൽക്കുക. അദ്ദേഹത്തിൻ്റെ അന്തസ്സും നമ്മിൽ എല്ലാവരിലും അദ്ദേഹം ചെലുത്തിയ അവിശ്വസനീയമായ സ്വാധീനവും നമുക്ക് ബഹുമാനിക്കുകയും സംരക്ഷിക്കുകയും ചെയ്യാം, എന്നും അമീൻ കൂട്ടിച്ചേർത്തു.
Discussion about this post