പാലക്കാട്: പാലക്കാട് ഉപതെരഞ്ഞെടുപ്പിൽ ഫലമറിയാൻ ഒരു മണിക്കൂർ മാത്രം ബാക്കിനിൽക്കെ വിജയപ്രതീക്ഷ പങ്കുവെച്ച് യുഡിഎഫ് സ്ഥാനാർത്ഥി രാഹുൽ മാങ്കൂട്ടത്തിൽ. പാലക്കാട് ശുഭകരമായ റിസൽറ്റുണ്ടാവുമെന്ന് രാഹുൽ മാങ്കൂട്ടത്തിൽ പറഞ്ഞു.
നഗരസഭയിലും പഞ്ചായത്തിലും മതേതര മുന്നണിയുടെ വിജയമുണ്ടാവും. ഒഫീഷ്യലി ഒരു പാട്ടൊന്നും ഇറക്കിയിട്ടില്ല. ജനങ്ങൾ നമ്മോട് കാണിക്കുന്ന സഹകരണവും ചിരിയുമെല്ലാം മോശമാവില്ല. നല്ല നമ്പറുണ്ടാവുമെന്നും രാഹുൽ മാങ്കൂട്ടത്തിൽ വ്യക്തമാക്കി.
അതേസമയം, ഇത്തവണ എൻഡിഎയ്ക്ക് പാലക്കാട് നിന്ന് എംഎൽഎ ഉണ്ടാകുമെന്ന് പാലക്കാട്ടെ ബിജെപി സ്ഥാനാർത്ഥി സി കൃഷ്ണകുമാർ പറഞ്ഞു. അയ്യായിരത്തിലധികം വോട്ടുകളുടെ ഭൂരിപക്ഷത്തിൽ ആയിരിക്കും ഇക്കുറി വിജയിക്കുക എന്നും അദ്ദേഹം പറഞ്ഞു.
പ്രതീക്ഷിക്കുന്നത് പോലെ അടിയൊഴുക്ക് ഉണ്ടായാൽ ഇക്കുറി വിജയിക്കും. കഴിഞ്ഞ തവണ നഷ്ടമായ വിജയം തിരികെ കൊണ്ടുവരാൻ കഴിയും എന്നാണ് പ്രതീക്ഷിക്കുന്നത്. അയ്യായിരം വോട്ടുകളുടെ ഭൂരിപക്ഷത്തിൽ ആയിരിക്കും വിജയിക്കുക എന്നും അദ്ദേഹം പറഞ്ഞു.
രാവിലെ എട്ട് മണിയോടെയാണ് തിരഞ്ഞെടുപ്പ് വോട്ടെണ്ണൽ ആരംഭിക്കുക. ആദ്യം പോസ്റ്റൽ വോട്ടുകൾ ആയിരിക്കും എണ്ണി തുടങ്ങുക. ഇതിന് ശേഷം ഇവിഎമ്മുകൾ എണ്ണാൻ ആരംഭിക്കും. ഇത്തവണത്തെ ഉപതിരഞ്ഞെടുപ്പിൽ രാഷ്ട്രീയ കേരളം ഏറെ ഉറ്റുനോക്കുന്ന മണ്ഡലം ആണ് പാലക്കാട്. ഉപതിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതുതൊട്ട് നിരവധി സംഭവങ്ങളാണ് പാലക്കാട് അരങ്ങേറുന്നത്. ഇതിനെല്ലാം പരിസമാപ്തി വരുന്ന ദിനം കൂടിയാണ് ഇന്ന്.
Discussion about this post