പാലക്കാട്: കേരളത്തിലെ ബിജെപിയുടെ നാവാണ് കെ. സുരേന്ദ്രൻ എന്ന് ബിജെപി നേതാവ് എൻ. ശിവരാജൻ. ഞങ്ങളുടെ ശക്തനായ നേതാവാണ് അദ്ദേഹം. സന്ദീപ് കോൺഗ്രസിന്റെ കാര്യം മാത്രം നോക്കിയാൽ മതിയെന്നും അദ്ദേഹം പറഞ്ഞു. പാലക്കാട്ടെ മാദ്ധ്യമ പ്രവർത്തകരോട് ആയിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
ഉപതിരഞ്ഞെടുപ്പിൽ പാലക്കാട്ടെ ബിജെപി സ്ഥാനാർത്ഥി സി. കൃഷ്ണകുമാർ രണ്ടാം സ്ഥാനത്തേയ്ക്ക് പിന്തള്ളപെട്ടിരുന്നു. ഇതിന് പിന്നാലെ കെ.സുരേന്ദ്രൻ രാജിവയ്ക്കണം എന്നതരത്തിൽ സന്ദീപ് വാര്യർ പരാമർശം നടത്തിയിരുന്നു. ഇതിനോട് ആയിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
ഉപതിരഞ്ഞെടുപ്പിൽ മികച്ച പ്രകടനം ആണ് ബിജെപി സ്ഥാനാർത്ഥി കാഴ്ചവച്ചിരിക്കുന്നതെന്ന് ശിവരാജൻ പറഞ്ഞു. വോട്ടുകൾ പാർട്ടിയ്ക്ക് കുറഞ്ഞുവെന്ന് ആരോപണം ഉണ്ട്. ഇതേക്കുറിച്ച് പരിശോധിച്ച ശേഷം പ്രതികരിക്കാം. പാലക്കാട് ആർഎസ്എസ് തുടർന്നും പ്രവർത്തിക്കും. രണ്ട് സീറ്റുമാത്രം ഉണ്ടായിരുന്ന ബിജെപി ഇന്ന് 400 സീറ്റ് വാങ്ങി ഭരിക്കുന്നില്ലേ. ഇതൊന്നും ബിജെപിയ്ക്ക് ഒരു പ്രശ്‌നമല്ല. ശക്തമായി തന്നെ മുന്നോട്ട് പോകും.
സുരേന്ദ്രൻ ശക്തനായ ഞങ്ങളുടെ നേതാവാണ്. സുരേന്ദ്രൻ കേരളത്തിൽ ബിജെപിയുടെ നാവാണ്. സന്ദീപ് വാര്യർ കോൺഗ്രസുകാരൻ ആണല്ലോ?. സന്ദീപ് വാര്യർ കോൺഗ്രസിന്റെ കാര്യം നോക്കിയാൽ മതി. ബിജെപിയുടെ കാര്യം നോക്കേണ്ട ആവശ്യം ഇല്ല. മൂത്താന്തറ ബിജെപിയുടെ ഉരുക്ക് കോട്ടയാണ്. നഗരസഭ പിടിയ്ക്കാൻ മുരളീധരൻ അല്ല അച്ഛൻ കരുണാകരൻ വന്നാലും നഗരസഭ പിടിയ്ക്കാൻ കഴിയില്ല. ശക്തമായി മുന്നോട്ട് പോകും. രാഷ്ട്രീയം അങ്ങോട്ടും ഇങ്ങോട്ട് മാറുമെന്നും ശിവരാജൻ കൂട്ടിച്ചേർത്തു.
Discussion about this post