വീട് വീടാവണമെങ്കിൽ കുട്ടികളുടെ കളിചിരികൾ വേണമെന്നാണ് പലരുടെയും അഭിപ്രായം. എന്നാൽ വിവാഹം കഴിഞ്ഞിട്ട് നാളുകളേറെയായിട്ടും സ്വപ്‌നം കണ്ടതുപോലെ ജീവിതത്തിലേക്ക് ഒരു കുഞ്ഞിക്കാൽ എത്താത്തിന്റെ വിഷമത്തിലായിരിക്കും ചിലരെങ്കിലും. വന്ധ്യതയ്ക്ക് പല കാരണങ്ങളാണുള്ളത്.സ്‌ട്രെസ്സ്, അനാരോഗ്യകരമായ ഭക്ഷണശീലങ്ങൾ, കൃത്യമായ അണ്ഡോത്പാദനം നടക്കാത്തത്, ആവശ്യത്തിന് ബീജമില്ലാത്തത്, അണ്ഡവാഹിനിക്കുഴലുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങൾ തുടങ്ങി പ്രശ്‌നങ്ങൾ നിരവധിയാണ്. ഇത് കൂടാതെ വന്ധ്യതയെ നമ്മൾ കഴിക്കുന്ന ആഹാരസാധനങ്ങളും സ്വാധീനിക്കും എന്ന് അറിയാമോ?
ചില ഭക്ഷണപഥാർത്ഥങ്ങൾ വന്ധ്യത ഉണ്ടാവാനുള്ള സാധ്യത വർദ്ധിപ്പിക്കുമത്രേ. സോസേജ്, ബർഗർ, റെഡിമെയ്ഡ് മാംസം, കേക്ക്, ബിസ്‌കറ്റ്, ചോക്ലേറ്റ് എന്നിവയെല്ലാം കഴിയുന്നതും ഒഴിവാക്കണം. കാരണം, ഇവയിൽ ധാരാളം കൊഴുപ്പുണ്ട്. അത് അമിതഭാരമുണ്ടാക്കും. അമിതഭാരം ഗർഭധാരണത്തിന് തടസം നിൽക്കാം. വെണ്ണ, കൊഴുപ്പു കൂടിയ എണ്ണ തുടങ്ങിയവയും കുറയ്ക്കണം.
കാപ്പി, ചായ, കോള തുടങ്ങിയവയും അമിതമായാൽ ഗർഭധാരണത്തിന് തടസമാകും. ഈ ദ്രാവകങ്ങളിൽ അടങ്ങിയ കഫീൻ ആണ് പ്രശ്‌നക്കാരൻ. കഫീൻ പിറ്റിയൂറ്ററിഗ്രന്ഥി ഉത്പാദിപ്പിക്കുന്ന പ്രൊലാക്ടിൻ ഹോർമോണിന്റെ വ്യാപനം തടയും. ആവശ്യത്തിന് പ്രൊലാക്ടിൻ ഹോർമോൺ ഇല്ലാത്തത് വന്ധ്യതയ്ക്ക് കാരണമായി മാറാം.
ബീഫ്, പന്നിയിറച്ചി, സോസേജ്, ഹോട്ട് ഡോഗ് ഇനത്തിൽപ്പെട്ട ഭക്ഷണപദാർത്ഥങ്ങൾ പുരുഷബീജത്തിന്റെ ഘടനയെയും ഗുണനിലവാരത്തെയും സാരമായി ബാധിച്ച് പുരുഷ വന്ധ്യതയ്ക്ക് ഇടയാക്കുന്നു. കൂടാതെ ബീജ സങ്കലനത്തിന്റെ തോതിനേയും ഇവ സാരമായി ബാധിക്കുന്നു.അമിതമദ്യപാനം പുരുഷനിൽ ടെസ്റ്റോസ്റ്റിറോൺ ഹോർമോണിന്റെ അളവ് കുറയ്ക്കും. കൂടാതെ മദ്യപന്മാരിൽ ബീജത്തിന്റെ എണ്ണവും കുറയുന്നതായി കണ്ടിട്ടുണ്ട്. സ്ത്രീകളുടെ അമിതമദ്യപാനം കാരണം, ശരീരത്തിൽ അമിതമായി പ്രൊലാക്ടിൻ ഉത്പാദിപ്പിക്കാൻ കാരണമാകും. അത് ആർത്തവചക്രത്തെ പ്രതികൂലമായി ബാധിക്കും. ഇതും വന്ധ്യതയിലേക്ക് നയിക്കാം.
നെല്ലിക്ക, ബെറികൾ, പച്ച ഇലയുള്ള പച്ചക്കറികൾ എന്നിവയിൽ ധാരാളം വിറ്റമിൻ സിയും വിറ്റമിൻ ഇയുമുണ്ട്. പുരുഷബീജത്തിന്റെ അളവും ചലനശേഷിയും കൂട്ടാൻ വിറ്റമിൻ സി സഹായകരമാണ്. കാരറ്റ്, മധുരക്കിഴങ്ങ്, മാങ്ങ, ആപ്രികോട്സ് തുടങ്ങിയവയിൽ ബീറ്റാകരോട്ടിൻ എന്ന രാസവസ്തുവുണ്ട്. ബീജങ്ങളുടെ ആരോഗ്യത്തിന് ബീറ്റാകരോട്ടിൻ അത്യാവശ്യമാണ്
Discussion about this post