ഒരു ചാറ്റൽമഴ കഴിഞ്ഞാലുടനെ പറമ്പിലും തൊടിയിലുമെല്ലാം കാണുന്ന ഇത്തിരിക്കുഞ്ഞൻമാരില്ലേ… മുൻ കൈകൾ സദാ ഉയർത്തിപ്പിടിച്ച് തൊഴുകൈയ്യോടെ നിൽക്കുന്ന തൊഴുകൈയ്യൻ പ്രാണി അഥവാ പ്രേയിംഗ് മാന്റിസ്. നീണ്ടുമെലിഞ്ഞ ശരീരവും നീണ്ട കഴുത്തും നിറയെമുള്ളുകളുള്ള പരന്ന കൈകളും ത്രികോണാകൃതിയിലുള്ള തലയും ഉണ്ടകണ്ണുകളും ഒക്കെ ചേർന്ന് ആകെ മൊത്തം ഒരു സുന്ദരനാണിവൻ. 180 ഡിഗ്രിയും തിരിയ്ക്കാൻ പറ്റുന്ന തല കൂടി ഉള്ളതിനാൽ ഇവന്റെ നോട്ടവും ചലനവും കൗതുകമുണർത്തും. പച്ചനിറമാണെങ്കിലും ആളൊരു പച്ചപാവമൊന്നുമല്ല… തൊഴുതുനിൽക്കുന്ന കൈകൾ തന്നെ അവന്റെ ട്രാപ്പാണ്… ചെറുജീവികളെ കൈക്കുള്ളിൽ ഒതുക്കാനുള്ള കിടിലൻ ട്രാപ്പ്. മാംസഭോജികളായ ഇരപിടിയന്മാരാണ് തൊഴുകൈയ്യൻ പ്രാണികൾ. പൂക്കളിലും കമ്പുകളിലും ഒളിഞ്ഞിരിയ്ക്കുന്ന ഇവ, ഇര അടുത്തെത്തുമ്പോൾ മുൻകാലുകൾ ദ്രുതഗതിയിൽ ചലിപ്പിച്ച് ഇരയെ കൈയ്യിലൊതുക്കുകയും മെല്ലെ കടിച്ച് മുറിച്ച് ഭക്ഷിയ്ക്കുകയും ചെയ്യുന്നു. പൂമ്പാറ്റകളും നിശാശലഭങ്ങളും പുൽച്ചാടികളുമൊക്കെയാണ് ഇവയുടെ പ്രധാന ആഹാരം. കൃഷിയിടങ്ങളിലെ കീട-പ്രാണി നിയന്ത്രിക്കുന്നതിൽ ഇത് പ്രധാന പങ്കുവഹിയ്ക്കുന്നതിനാൽ കർഷകരുടെ മിത്രങ്ങളെന്നും ഇവ അറിയപ്പെടുന്നു.
പക്ഷേ ഇത്ര കുശാഗ്ര ബുദ്ധിക്കാരനാണെങ്കിലും തൊഴുകൈയ്യൻ പ്രാണിയ്ക്ക് എട്ടിന്റെ പണി കൊടുക്കുന്ന ജീവിയുണ്ട് അതാണ് ഹോഴ്‌സ് ഹെയർ വേം. തൊഴുകൈയ്യൻപ്രാണിയെ വളരെ വേഗത്തിൽ ബാധിക്കുന്ന ഒരു തരം വിരയാണിത്.ഈ ഒരു ജീവി ഈ പ്രാണിയുടെ ഉള്ളിൽ കയറി ഇതിനെ നിയന്ത്രിക്കുകയാണ് ചെയ്യുക.
ജലത്തിനുള്ളിൽ ജീവിക്കുന്ന ഏതെങ്കിലും പ്രാണികളെ ഈ പ്രാണി കഴിക്കുന്ന വേളയിൽ ആണ് ഈ വിര ഉള്ളിൽ പ്രവേശിക്കുന്നത്. എന്നിട്ട് വലുതാകുന്നത് വരെ ഈ ജീവിക്കുള്ളിൽ ഈ വളരുന്നു. പയ്യെ പയ്യെ പ്രാണിയുടെ നാഡി സംവിധാനം നിയന്ത്രണത്തിലാക്കുകയാണ് ഈ വില്ലൻ ചെയ്യുന്നത്. അവസാനം നിയന്ത്രിച്ച് വെള്ളത്തിലേക്ക് കൊണ്ട് പോകുന്നു. വെള്ളത്തിൽ ഇറങ്ങുമ്പോൾ പ്രാണി മുങ്ങി ചത്തുപോവുകയും ഈ പൂർണ്ണ വളർച്ചയെത്തിയ വിര വെള്ളത്തിലേക്ക് പോകുകയും ചെയ്യുന്നു. വെള്ളത്തിൽ വെച്ചു ഇവ ഇണ ചേരുകയും കുഞ്ഞുങ്ങളെ ഉണ്ടാക്കി അവ വെള്ളത്തിലെ ചെറു പ്രാണികളിൽ കടന്നു കൂടുകയും ചെയ്യും. ഈ പ്രാണിയെ മാന്റിസ് കഴിക്കുകയും ലൂപ്പ് ആവർത്തിക്കപെടുകയും ചെയ്യുന്നു.
പ്രാണികളിൽ മാത്രമല്ല നമ്മൾ മനുഷ്യരുടെ തലച്ചോറിൽ പോലും ഇത്തരം ചെറു വിരകൾ ഉണ്ടാകാമെന്നും അവ നമ്മുടെ ചിന്തകളെ നിയന്ത്രിക്കുണ്ടാകാമെന്നും ആക്രമണം മുതൽ ആത്മഹത്യാ പ്രവണതകൾ വരെ ഉണ്ടാകാമെന്നും പഠനങ്ങൽ തെളിയിച്ചിട്ടുണ്ടത്രേ. ശരിക്കും പറഞ്ഞാൽ ജന്തുലോകത്തെ സൈക്കോയാണ് ഈ ഇത്തിരിക്കുഞ്ഞൻ വിര.
Discussion about this post