തിരുവനന്തപുരം: ഉപതിരഞ്ഞെടുപ്പിന് പിന്നാലെ കേരള ബിജെപി ഘടകത്തിൽ പൊട്ടിത്തെറിയെന്ന മാദ്ധ്യമവാർത്തകൾക്ക് ചുട്ട മറുപടി നൽകി അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ. മാദ്ധ്യമങ്ങൾ വാക്കുകൾ വളച്ചൊടിക്കുകയാണെന്ന് കുറ്റപ്പെടുത്തിയ അദ്ദേഹം താൻ നിക്കമോ പോണോയെന്ന് കേന്ദ്രനേതൃത്വം തീരുമാനിക്കുമെന്ന് വ്യക്തമാക്കി.
വ്യക്തി താത്പര്യങ്ങൾക്കനുസൃതമായി സ്ഥാനാർഥികളെ നിശ്ചയിക്കുന്ന പതിവുള്ള പാർട്ടിയല്ല ബിജെപി. എല്ലാതലത്തിലുള്ള ചർച്ചകൾ പൂർത്തിയാക്കിയാണ് സ്ഥാനാർഥികളെ നിശ്ചയിക്കുന്നതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.പാലക്കാട് ഉപതിരഞ്ഞെടുപ്പിൽ സി കൃഷ്ണകുമാർ മത്സരിക്കുന്നില്ലെന്ന നിലപാടാണ് സി കൃഷ്ണകുമാർ അവസാനം വരെ സ്വീകരിച്ചത്. പാലക്കാട്ടേക്ക് മത്സരിക്കാൻ മൂന്നുപേരുടെ പട്ടികയാണ് തിരഞ്ഞെടുപ്പ് കമ്മിറ്റി തയാറാക്കി കേന്ദ്ര നേതൃത്വത്തിന് നൽകിയത്. എന്നാൽ, പട്ടികയിൽ ഉൾപ്പെട്ട രണ്ടുപേർ മത്സരിക്കാൻ താത്പര്യമില്ലെന്ന് അറിയച്ചതോടെയാണ് കൃഷ്ണകുമാർ മത്സരിച്ചതെന്നും സുരേന്ദ്രൻ വ്യക്തമാക്കി.മലമ്പുഴയിൽ വെറും 3000 വോട്ടിൽ നിന്ന് 50,000 വോട്ടിലേക്ക് ഉയർത്തിയിട്ടുള്ള സ്ഥാനാർത്ഥിയാണ് സി. കൃഷ്ണകുമാറെന്നും സുരേന്ദ്രൻ കൂട്ടിച്ചേർത്തു.
കേരളത്തിലെ ഉപതെരഞ്ഞെടുപ്പുകളിൽ ബിജെപിയുടെ വോട്ട് കൂടാറില്ലെന്ന മുൻകാല കണക്കുകളും അദ്ദേഹം മാദ്ധ്യമങ്ങൾക്ക് മുന്നിൽ അവതരിപ്പിച്ചു.ചേലക്കരയിലും വയനാട്ടിലും വോട്ട് വർധിപ്പിക്കാൻ ബിജെപിക്കായി. പാലക്കാട് നിലവിലുള്ള വോട്ട് നിലനിർത്താനായെങ്കിലും പുതിയ വോട്ട് സമാഹരിക്കാൻ ആയില്ലെന്നും സുരേന്ദ്രൻ വ്യക്തമാക്കി. എസ്ഡിപിഐ വോട്ടുകൾ സ്വീകരിച്ചാണ് ഇടതു വലതു മുന്നണികൾ കേരളത്തിൽ വിജയിക്കുന്നതെന്നും സുരേന്ദ്രൻ വിമർശിച്ചു.
ശക്തമായ ഭരണവിരുദ്ധ വികാരം ഉണ്ടായിട്ട് കൂടി ചേലക്കരയിൽ എന്തുകൊണ്ട് യുഡിഎഫ് പരാജയപ്പെട്ടുവെന്ന് ചോദിച്ച അദ്ദേഹം, ബിജെപിയ്ക്ക് പാലക്കാട് 4,000 വോട്ട് നഷ്ടപ്പെട്ടതാണ് ചർച്ചയാക്കുന്നതെന്നും രമ്യ ഹരിദാസിന് എത്ര വോട്ടാണ് ചേലക്കരയിൽ നഷ്ടപ്പെട്ടതെന്ന് ആരും ചർച്ചയാക്കുന്നില്ലെന്നും കുറ്റപ്പെടുത്തി. വിഡി സതീശനും കോൺഗ്രസ് നേതാക്കൾക്കും ചേലക്കരയിലെ പരാജയത്തിന്റെ ഉത്തരവാദിത്വമില്ലേയെന്ന് കെ സുരേന്ദ്രൻ ചോദിച്ചു. എല്ലാ കണ്ണുകളും എന്ത്‌കൊണ്ടാണ് പാലക്കാടേയ്ക്ക് മാത്രം വരുന്നതെന്നും അദ്ദേഹം ചോദിച്ചു. പാലക്കാട് ഉപതിരഞ്ഞെടുപ്പ് ശരിയായ നിലയിൽ വിലയിരുത്തുമെന്നും ആവശ്യമായ തിരുത്തലുകൾ നടത്തുമെന്നും അദ്ദേഹം വ്യക്തമാക്കി.
Discussion about this post