ഇംഫാൽ: കുക്കികളുടെ ആക്രമണത്തിൽ കൊല്ലപ്പെട്ട മെയ്തികളുടെ പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് പുറത്ത്. കൊല്ലപ്പെട്ട ആറ് പേരിൽ മൂന്ന് പേരുടെ പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് ആണ് പുറത്തുവന്നത്. വെടിയേറ്റാണ് ഇവരുടെ മരണം എന്നാണ് പോസ്റ്റ്‌മോർട്ടം റിപ്പോർട്ട്.
ഇക്കഴിഞ്ഞ 11 നായിരുന്നു മെയ്തികളായ ഒരു കുടുംബത്തിലെ ആറ് പേരെ കുക്കികൾ തട്ടിക്കൊണ്ട് പോയത്. ജിരിബാം ജില്ലയിൽ കുക്കികളും സുരക്ഷാ സേനയും തമ്മിൽ ഏറ്റുമുട്ടൽ നടന്നിരുന്നു. ഇതിനിടെ ആയിരുന്നു ഇവരുമായി കുക്കി സംഘം കടന്ന് കളഞ്ഞത്. ദിവസങ്ങൾക്ക് ശേഷം ഇവരുടെ മൃതദേഹങ്ങൾ പുഴയിൽ നിന്നും കണ്ടെത്തുകയായിരുന്നു. നവംബർ 15,17,18 തിയതികളിൽ ആയിരുന്നു മൃതദേഹങ്ങൾ കണ്ടെടുത്തത്. അസമിലെ ലഖിപൂരിലുള്ള പുഴയിൽ ഒഴുകി നടക്കുന്ന നിലയിൽ ആയിരുന്നു മൃതദേഹം. മൂന്ന് വയസ്സുള്ള കുട്ടിയുൾപ്പെടെയുള്ളവരെയാണ് കുക്കി സംഘം അതിക്രൂരമായി കൊലപ്പെടുത്തിയിരിക്കുന്നത്.
നദിയിലേക്ക് മൃതദേഹങ്ങൾ തള്ളുന്നതിന് മുൻപായി നിരവധി തവണയാണ് കുക്കികൾ വെടിയുതിർത്തിരിക്കുന്നത്. മൂന്നുവയസ്സുകാരന്റെ താടിയിൽ ബുള്ളറ്റുകൊണ്ടുള്ള മുറിവ് ഉണ്ട്. ബുള്ളറ്റ് തുളച്ചു കയറിയതിനെ തുടർന്ന് കുട്ടിയുടെ വലത് കണ്ണ് നഷ്ടമായി. ശരീരത്തിൽ പലയിടങ്ങളിലായി കൂർത്ത ആയുധം കൊണ്ടുള്ള കീറലുകൾ ഉണ്ട്. ഈ മുറിവുകളിലെല്ലാം പുഴുക്കൾ ഉണ്ടായിരുന്നുവെന്നും പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിൽ പറയുന്നു.
മൂന്ന് വയസ്സുകാരന്റെ അമ്മയുടെ മൃതദേഹത്തിൽ രണ്ട് വെടിയേറ്റ മുറിവുകൾ ആണ് ഉണ്ടായിരുന്നത്. കുട്ടിയുടെ മുത്തശ്ശിയുടെ ശരീരത്തിൽ നിന്നും 5 വെടിയുണ്ടകളും കണ്ടെടുത്തു. മുത്തശ്ശിയെ ആണ് ഇവർ ആദ്യം കൊലപ്പെടുത്തി നദിയിൽ എറിഞ്ഞത് എന്നാണ് കരുതുന്നത്. ഇവരുടെ മൃതദേഹം പൂർണമായും അഴുകിയ നിലയിൽ ആയിരുന്നു. അസമിലെ സിൽചാർ ആശുപത്രിയിൽ ആയിരുന്നു പോസ്റ്റ്‌മോർട്ടം.
Discussion about this post