കോഴിക്കോട്: പന്തീരാങ്കാവ് പെൺകുട്ടിയെ വീണ്ടും ഭർത്താവ് മർദ്ദിച്ച സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. കറിയുടെ പേര് പറഞ്ഞുള്ള തർക്കമാണ് മർദ്ദനത്തിൽ കലാശിച്ചത് എന്നാണ് വിവരം. തുടർച്ചയായി രണ്ട് ദിവസം മർദ്ദനമേറ്റെന്നും പെൺകുട്ടി നൽകിയ പരാതിയിൽ പറയുന്നു.
ഞായറാഴ്ച ആയിരുന്നു പെൺകുട്ടിയെ ഭർത്താവ് രാഹുൽ ഗോപാലൻ ആദ്യമായി മർദ്ദിച്ചത്. ഞായറാഴ്ച വച്ച മീൻകറിയ്ക്ക് പുളിയില്ലെന്ന് പറഞ്ഞായിരുന്നു മർദ്ദനം. പിന്നീട് ഇന്നലെയും മർദ്ദിച്ചു. ഇതോടെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സ തേടുകയായിരുന്നു. ഇതിന് മുൻപ് അമ്മ വിളിച്ചതിന്റെ പേരിൽ തന്നെ മർദ്ദിച്ചെന്നും യുവതി പറയുന്നുണ്ട്.
ആശുപത്രിയിൽ ചികിത്സ തേടിയതോടെ വിവരം അറിഞ്ഞ് പോലീസ് എത്തി. തുടർന്ന് കേസില്ലെന്ന് പറഞ്ഞ് യുവതി പോലീസുകാരെ മടക്കി അയക്കുകയായിരുന്നു. എന്നാൽ ഇന്ന് രാവിലെ യുവതി പിതാവിനൊപ്പമെത്തി പോലീസിൽ പരാതി നൽകി. യുവതിയുടെ മൊഴിയും പോലീസ് രേഖപ്പെടുത്തിയിട്ടുണ്ട്.
മാസങ്ങൾക്ക് മുൻപായിരുന്നു രാഹുലിന്റെയും യുവതിയുടെയും വിവാഹം. ഇതിന് പിന്നാലെ മർദ്ദിച്ചെന്ന് ആരോപിച്ച് യുവതി പോലീസിൽ പരാതി നൽകുകയായിരുന്നു. കേസ് എടുത്തതോടെ രാഹുൽ ഒളിവിൽ പോയി. എന്നാൽ പിന്നീട് പോലീസ് മുൻപാകെ കീഴടങ്ങുകയായിരുന്നു. വിചാരണ വേളയിൽ യുവതി രാഹുലിനെതിരായ പരാതി പിൻവലിച്ചു. ഇതിനോടകം തന്നെ കേസ് ഹൈക്കോടതിയിൽ എത്തിയിരുന്നു. പരാതിയില്ലെന്ന് യുവതി അറിയിച്ചതിനെ തുടർന്ന് ഹൈക്കോടതി കേസ് റദ്ദാക്കുകയായിരുന്നു. പിന്നീട് ഒന്നിച്ച് താമസവും ആരംഭിച്ചു. ഇതിനിടെയാണ് വീണ്ടും യുവതി ഗാർഹിക പീഡനത്തിന് പരാതി നൽകിയിരിക്കുന്നത്.
Discussion about this post