കൊച്ചി; സീരിയലുകൾക്കെതിരെ അടുത്തകാലത്തായി ഉയർന്നുവരുന്ന ഹേറ്റ് ക്യാമ്പെയ്‌നുകൾക്കെതിരെ നടി സീമ ജി നായർ. ഒരു ചാനലിൽ രണ്ടു സീരിയലുകൾ മാത്രം മതിയെന്നും എപ്പിസോഡുകൾ സംപ്രേക്ഷണം ചെയ്യുന്നതിന് മുൻപ് സെൻസർ ബോർഡിന്റെ പരിശോധന ആവശ്യമാണെന്നും തുടങ്ങി വനിതാ കമ്മീഷൻ പുറത്തിറക്കിയ റിപ്പോർട്ട് വലിയ രീതിയിൽ സീരിയലുകൾ വിമർശിക്കപ്പെടാൻ കാരണമായിരുന്നു. ഇതിന് പിന്നാലെയാണ് സംഭവത്തിൽ പ്രതികരിച്ച് സീരിയൽ നടി കൂടിയായ സീമ ജി നായർ എത്തിയത്.
സോഷ്യൽ മീഡിയ എന്ന പ്ലാറ്റ്‌ഫോമിൽ നടക്കുന്നത് എന്തൊക്കെയാണ്. അതിലും ഭേദമാണ് സീരിയലെന്നാണ് ഉദാഹരണം സഹിതം നടി പറയുന്നത്.കഴിഞ്ഞ കുറെ ദിവസമായി സീരിയലിന്റെ പേരിൽ കുറച്ചു വിഷയങ്ങൾ വന്നു കൊണ്ടേയിരിക്കുന്നു. സീരിയൽ ആണ് കേരളത്തിലെ ഏറ്റവും വലിയ പ്രശ്നം. സീരിയൽ കാരണം ഇവിടെ എന്തൊക്കെയോ സംഭവിക്കുന്നു. സത്യത്തിൽ മനസിലാകാത്ത ചില ചോദ്യങ്ങൾ മനസ്സിൽ. ഇവിടെ നടക്കുന്നത് ചീഞ്ഞ രാഷ്ട്രീയ കളികൾ. കഴിഞ്ഞ ദിവസങ്ങളിൽ എല്ലാവരും അത് കണ്ടതാണ്. ഇനി കാണാൻ പോകുന്നതും അതാണ്.അതിലും എത്രയോ ഭേദമാണ് സീരിയൽ. സോഷ്യൽ മീഡിയ എന്ന പ്ലാറ്റ്‌ഫോമിൽ നടക്കുന്നത് എന്തൊക്കെയാണ്. അതിലും ഭേദമാണ് സീരിയൽ. നമ്മുടെ കൈയ്യിലാണ് റിമോട്ട് ഉള്ളത്. വേണ്ടെന്ന് തോന്നുന്നത് കാണാതിരിക്കുക. പിന്നെ സീരിയൽ കണ്ടിട്ട് ഇതുപോലെ ചെയ്യുന്നെന്ന് ആരും പറഞ്ഞു കേട്ടിട്ടില്ല. അതുമാത്രവുമല്ല 10 നും 25 നും മദ്ധ്യേ ഉള്ള തൊണ്ണൂറു ശതമാനം ആളുകളും ഇത് കാണാറില്ല. അവർക്ക് ക്രിക്കറ്റും, ഫുട്ബാളും, കൊറിയൻ ചാനലും, കൊറിയൻ പടങ്ങളും. ഇംഗ്ലീഷ് ചാനലുകളും ഇംഗ്ലീഷ് പടങ്ങളുമൊക്കെയുണ്ടെന്ന് താരം പറയുന്നു.
പല വീടുകളിൽ ചെല്ലുമ്പോളും പ്രായം ചെന്നവർ പറഞ്ഞു കേട്ടിട്ടുണ്ട്, മക്കളും മരുമക്കളും കൊച്ചുമക്കളും പോയാൽ കൂട്ട് ഈ സീരിയൽ ഒക്കെ ആണെന്ന്. അവരുടെ ഏകാന്തതയിലെ കൂട്ട്. പിന്നെ കുട്ടികൾ ചീത്തയായി പോകുന്നുവെങ്കിൽ ആദ്യം മൊബൈൽ ഫോൺ ഉപയോഗം കുറക്കുക എന്നുള്ളതാണ്. അധികാരം കയ്യിൽ കിട്ടുമ്പോൾ പഴി ചാരുന്ന ചില കൂട്ടർ ഉണ്ട്. അവർക്ക് ഞാൻ മുകളിൽ പറഞ്ഞ കുറച്ചു കാര്യങ്ങൾ കേരളത്തിൽ നിരോധിക്കാൻ പറ്റുമോ? അത് ആദ്യം നടക്കട്ടയെന്ന് നടി കൂട്ടിച്ചേർത്തു.
Discussion about this post