സമീപകാലത്ത് വലിയ ഹിറ്റ് ആയി മാറിയ മലയാള സിനിമകളില്‍ ഒന്നായിരുന്നു ഫഹദ് ഫാസില്‍ നായകനായ ആവേശം എന്ന ചിത്രം. ഇപ്പോഴിതാ താന്‍ ആഗ്രഹിച്ചിട്ട് നടക്കാതെപോയ സിനിമയെക്കുറിച്ചുള്ള, തമിഴ് സംവിധായകന്‍ വിഘ്നേഷ് ശിവന്‍റെ വാക്കുകളില്‍ ആവേശം എന്ന ചിത്രം കടന്നുവരികയാണ്. അജിത്ത് കുമാറിനെ നായകനാക്കി ആ ചിത്രം ഒരുക്കണമെന്നായിരുന്നു തന്‍റെ ആഗ്രഹമെന്നാണ് വിഘ്നേഷ് ശിവന്‍ പറയുന്നത്. എന്നാല്‍, അത് നടക്കാതെ പോയതിന്റെ കാരണവും വിഘ്നേഷ് പറയുന്നുണ്ട്.
അജിത്ത് സാറിന് ഇഷ്ടപ്പെട്ട സിനിമയായിരുന്നു താന്‍ സംവിധാനം ചെയ്ത നാനും റൗഡി താന്‍ എന്ന ചിത്രം. ഒരുപാട് സിനിമകള്‍ താന്‍ കാണാറില്ലെന്നും എന്നാല്‍ ഈ ചിത്രം ഒരുപാട് വട്ടം കണ്ടെന്നും ഒരിക്കല്‍ തന്നെ കണ്ടപ്പോൾ അജിത്ത് സാര്‍ പറഞ്ഞു. നിങ്ങള്‍ അത് ചെയ്ത രീതി ഇഷ്ടമായെന്നാണ് അദ്ദേഹം പറഞ്ഞത്. അതിലെ പാര്‍ഥിപന്‍റെ കഥാപാത്രത്തെയാണ് തനിക്ക് കൂടുതല്‍ ഇഷ്ടമായതെന്നും ആ കഥാപാത്രത്തിന്‍റെ രീതിയില്‍ ഒരു തിരക്കഥ എഴുതാവുന്നതാണെന്നും നമുക്ക് ചെയ്യാമെന്നും അദ്ദേഹം തന്നോട് പറഞ്ഞു. പിന്നീട് അദ്ദേഹം വിളിച്ച് ഒരുമിച്ച് ഒരു സിനിമ ചെയ്യാമെന്നും അത് നിങ്ങളുടെ രീതിയില്‍ ചെയ്തോളാനും പറഞ്ഞു.
പക്ഷേ അതിന്‍റെ നിര്‍മ്മാതാവിന് തികച്ചും വ്യത്യസ്തമായ ആശയങ്ങളാണ് ഉണ്ടായിരുന്നത്. തന്നെപ്പോലെയുള്ള ഒരു സംവിധായകനും നിര്‍മ്മാതാവിനുമിടയില്‍ എപ്പോഴും ഒരു പൊരുത്തക്കേട് ഉണ്ടാവും. തനിക്ക് മനസിലാവാത്ത തിയറികളാണ് അവരുടെ കൈയില്‍.
ആവേശം കണ്ടപ്പോള്‍, ആ ഗണത്തില്‍ പെടുത്താവുന്ന ഒരു തിരക്കഥയായിരുന്നു അജിത്ത് സാറിന് വേണ്ടി എഴുതിയിരുന്നത്. മാസ് ഘടകങ്ങളൊക്കെയുള്ള വ്യത്യസ്തമായ ഒരു ചിത്രമായേനെ അത്. പക്ഷേ തിരക്കഥ കേട്ട നിര്‍മ്മാതാവ് ചോദിച്ചത് എന്തിനാണ് ഇത്രയും കോമഡി എന്നായിരുന്നു. തനിക്ക് വൈകാരികതയും പ്രേക്ഷകര്‍ക്കുള്ള സന്ദേശവുമാണ് വേണ്ടതെന്നും വിഘ്നേഷ് പറഞ്ഞു.
Discussion about this post