ചെന്നൈ: കുട്ടിക്കാലത്ത് ലൈംഗികാതിക്രമത്തിന് ഇരയായിട്ടുണ്ടെന്ന വെളിപ്പെടുത്തലുമായി നടി ആൻഡ്രിയ ജെറിമിയ. സ്വകാര്യ യൂട്യൂബ് ചാനലിനോട് സംസാരിക്കുന്നതിനിടെ ആയിരുന്നു നടി കുട്ടിക്കാലത്ത് നേരിട്ട ദുരനുഭവങ്ങളെക്കുറിച്ച് തുറന്ന് പറഞ്ഞത്. ഭയം കാരണം അന്ന് തനിക്കത് മാതാപിതാക്കളോട് തുറന്നുപറയാൻ സാധിച്ചിരുന്നില്ലെന്നും നടി പറഞ്ഞു.
ബസിൽവച്ചായിരുന്നു തനിക്ക് നേരെ ലൈംഗികാതിക്രമം ഉണ്ടായത്. അതുകൊണ്ട് തന്നെ ഇതിന് ശേഷം ബസിൽ യാത്ര ചെയ്യുന്നത് ഒഴിവാക്കി. ഇതുവരെ രണ്ട് തവണ മാത്രമേ ബസിൽ യാത്ര ചെയ്തിട്ടുള്ളൂ. 11 വയസ്സുള്ളപ്പോൾ ആയിരുന്നു തനിക്ക് ഈ അനുഭവം ഉണ്ടായത് എന്നും ആൻഡ്രിയ വെളിപ്പെടുത്തി.
ഞാനും കുടുംബവും ബസിൽ വേളാങ്കണ്ണിയിലേക്ക് പോകുകയായിരുന്നു. അച്ഛന്റെ അരികിൽ ഇരുന്നു. പെട്ടെന്ന് പുറകിൽ ഒരു കൈ ഉള്ളതായി തോന്നി. അച്ഛനാണെന്നാണ് ഞാൻ കരുതിയത്. എന്നാൽ അച്ഛൻ ആയിരുന്നില്ല. പെട്ടെന്ന് ആ കൈകൾ ടീ ഷർട്ടിനുള്ളിലൂടെ ശരീരത്തിൽ എത്തി. ഞാൻ അച്ഛനെ നോക്കിയപ്പോൾ അച്ഛന്റെ കൈകൾ മുന്നിൽ തന്നെ ഉണ്ടായിരുന്നു. ഞാൻ പേടിച്ചുപോയി. എന്നാൽ ഇക്കാര്യം ആരോടും പറഞ്ഞില്ല. കൈ തട്ടിമാറ്റി മുന്നോട്ട് ഇരുന്നുവെന്നും ആൻഡ്രിയ കൂട്ടിച്ചേർത്തു.
അച്ഛനമ്മമാരോട് ഇക്കാര്യത്തെക്കുറിച്ച് പറയാതിരുന്നതിന്റെ കാരണം അറിയില്ല. അച്ഛനോട് പറഞ്ഞിരുന്നെങ്കിൽ അപ്പോൾ തന്നെ പ്രതികരിക്കുമായിരുന്നു. പക്ഷെ അത് പറയാൻ എനിക്ക് കഴിഞ്ഞില്ല. നമ്മളെ സമൂഹം വളർത്തുന്ന രീതിയാണ് ഇതിന് കാരണം എന്ന് തോന്നുന്നു. പിന്നീട് കോളേജിലേക്ക് പോകുമ്പോഴും ബസിൽ നിന്നും സമാന അനുഭവം ഉണ്ടായി. തന്നെ പോലെ പല പെൺകുട്ടികൾക്കും ഇത്തരം ദുരനുഭവം ഉണ്ടായതായി അറിയാം. പലരും ബസിൽ ഇരുന്ന് കരയുന്നത് കൺമുൻപിൽ കണ്ടിട്ടുണ്ടെന്നും ആൻഡ്രിയ കൂട്ടിച്ചേർത്തു.
Discussion about this post