പത്തനംതിട്ട: ആകർഷകമായ റീചാർജ് പ്ലാനിനും 4 ജി ഇന്റർനെറ്റിനും പിന്നാലെ ഉപഭോക്താക്കൾക്ക് മറ്റൊരു സമ്മാനവുമായി ബിഎസ്എൻഎൽ. നാട്ടിൽ ഉപയോഗിക്കുന്ന സിംകാർഡ് തന്നെ വിദേശത്തും ഉപയോഗിക്കുന്നതിനുള്ള സംവിധാനം ആണ് ബിഎസ്എൻഎൽ ഒരുക്കിയിരിക്കുന്നത്. രാജ്യത്ത് ആദ്യമായി ഈ സംവിധാനം നടപ്പിലാക്കുന്നത് കേരളത്തിൽ ആണ് എന്നതാണ് ശ്രദ്ധേയം.
പ്രത്യേക റീചാർജ് പ്ലാനുകൾ അവതരിപ്പിച്ചുകൊണ്ടാണ് ബിഎസ്എൻഎൽ പുതിയ സേവനം ഉപഭോക്താക്കൾക്ക് നൽകുന്നത്. ഈ റീചാർജ് ചെയ്ത് സിം കാർഡ് യുഎഇയിൽ ഉപയോഗിക്കുന്നതിനുള്ള സൗകര്യമാണ് മൊബൈൽ കമ്പനി ഒരുക്കുന്നത്. നിലവിൽ വിദേശത്തേയ്ക്ക് പോകുമ്പോൾ നമ്മുടെ മൊബൈൽ സിമ്മുകൾ നാട്ടിലെ കസ്റ്റമർ കെയർ സെന്ററിൽ നിന്നും ഇന്റർനാഷണൽ സിം കാർഡിലേക്ക് മാറ്റണം. ഈ ബുദ്ധിമുട്ടിൽ നിന്നാണ് ഉപഭോക്താക്കളെ ബിഎസ്എൻഎൽ ഒഴിവാക്കിയിരിക്കുന്നത്.
രണ്ട് റീചാർജ് പ്ലാനുകൾ ആണ് ബിഎസ്എൻഎൽ പുതുതായി അവതരിപ്പിച്ചിരിക്കുന്നത്. 90 ദിവസത്തേയ്ക്കായി 167 രൂപയും 30 ദിവസത്തേയ്ക്ക് 57 രൂപയും വരുന്ന റീചാർജ് പ്ലാനുകളാണ് ബിഎസ്എൻഎൽ ഒരുക്കുന്നത്. ഈ റീചാർജ് ചെയ്താൽ നാട്ടിലെ സിം ഇന്റർനാഷണലായി മാറും. അതേസമയം പ്രത്യേക റീചാർജ് കാർഡിന്റെ സുതാര്യതയ്ക്ക് വേണ്ടി മാത്രമാണ്. കോളിനും ഇന്റർനെറ്റിനുമായി മറ്റ് റീചാർജുകൾ ചെയ്യേണ്ടതായുണ്ട്. മലയാളികൾ ഏറ്റവും കൂടുതലായുള്ള രാജ്യം എന്ന നിലയിലാണ് യുഎഇയ്ക്ക് പരിഗണന നൽകിയിരിക്കുന്നത്.
Discussion about this post