എറണാകുളം: നടൻ സൗബിൻ ഷാഹിറിനെതിരെ ഗുരുതര കണ്ടെത്തലുകളുമായി പോലീസ്. പണം നൽകാതെ കബളിപ്പിച്ചെന്ന പരാതിയുമായി ബന്ധപ്പെട്ട് നടന്റെ അക്കൗണ്ട് വിവരങ്ങൾ പരിശോധിച്ചതിൽ നിന്നാണ് ഉദ്യോഗസ്ഥർക്ക് നിർണായക വിവരങ്ങൾ ലഭിച്ചത്. മഞ്ഞുമ്മൽ ബോയ്‌സ് എന്ന ചിത്രത്തിനായി ഒരു രൂപ പോലും സൗബിൻ മുടക്കിയിട്ടില്ലെന്നാണ് കണ്ടെത്തൽ. സൗബിന്റെ ഉടമസ്ഥതയിലുള്ള പറവ ഫിലിംസാണ് മഞ്ഞുമ്മൽ ബോയ്‌സ് നിർമ്മിച്ചത്.
ബാങ്ക് വിവരങ്ങൾ പരിശോധിച്ചപ്പോൾ പലരിൽ നിന്നായി 28 കോടി 35 ലക്ഷം രൂപ സൗബിൻ ഉൾപ്പെടെയുള്ള മൂന്ന് നിർമ്മാതാക്കളുടെയും അക്കൗണ്ടിലേക്ക് എത്തിയതായി വ്യക്തമായി. എന്നാൽ ഇതിൽ നിന്നും 18.62 കോടി രൂപ മാത്രമാണ് സിനിമയുടെ ചിത്രീകരണത്തിനായി ചിലവായിട്ടുള്ളത്. സിനിമയ്ക്കായി ഒരു രൂപ പോലും നിർമ്മാതാവായ സൗബിൻ ചിലവാക്കിയിട്ടില്ല. എന്നാൽ സിനിമ 250 കോടി രൂപയുടെ നേട്ടമാണ് ഉണ്ടാക്കിയത്. ഇതിൽ സിനിമയുടെ വിതരണക്കാരായ ബിഗ് ഡ്രീംസ് ഫിലിംസിന്റെ അക്കൗണ്ടിലേക്ക് മാത്രം 45 കോടി രൂപ എത്തി. സിനിമയുടെ വരവ് ചിലവ് കണക്കുകളിൽ നേരത്തെ തന്നെ പൊരുത്തക്കേടുകൾ ഉണ്ടായിരുന്നു. ഇതിൽ ആദായ നികുതി വകുപ്പ് അന്വേഷണം നടത്തുന്നതിനിടെ ആണ് സിനിമാ മേഖലയിൽ കള്ളപ്പണ ഇടപാട് നടക്കുന്നുവെന്ന വിവരം പുറത്തുവന്നത്.
ഇതോടെ നിർമ്മാണ കമ്പനികൾ കേന്ദ്രീകരിച്ച് അന്വേഷണം ആരംഭിച്ചു. ഇതിനിടെ സൗബിനെതിരെ മഞ്ഞുമ്മൽ ബോയ്‌സിന്റെ മറ്റൊരു നിർമ്മാതാവായ സിറാജ് വലിയ വീട്ടിൽ പരാതി നൽകുകയായിരുന്നു. സിനിമയ്ക്കായി താൻ മുടക്കിയ തുകയോ ലാഭമോ നൽകാതെ പറ്റിച്ചുവെന്നായിരുന്നു അദ്ദേഹത്തിന്റെ പരാതി.
Discussion about this post