എറണാകുളം: ജനങ്ങളെ ഭീതിയിലാഴ്ത്തി കൊച്ചി നഗരത്തിലെ രണ്ടിടത്ത് തീപിടിത്തം. എറണാകുളം സൗത്തിൽ ആക്രി ഗോഡൗണിലും നെടുമ്പാശ്ശേരി വിമാനത്താവളത്തിന് സമീപത്തെ ഹോട്ടലിലെ പാർക്കിംഗ് ഏരിയയിലുമാണ് തീപടിത്തം ഉണ്ടായത്. ഇന്ന് പുലർച്ചെയോടെയായിരുന്നു ഇരു സംഭവങ്ങളും.
നെടുമ്പാശേരിയിൽ വിമാനത്താവളത്തിന് സമീപത്തെ ആപ്പിൾ റസിഡൻസിയിൽ ആണ് ആദ്യം തീപിടിത്തം ഉണ്ടായത്. അർദ്ധരാത്രിയോടെയായിരുന്നു സംഭവം. കാർ പാർക്കിംഗ് ഏരിയയിൽ ഉണ്ടായ തീപിടിത്തത്തിൽ ഒരു കാർ പൂർണമായും കത്തി നശിച്ചു. മൂന്ന് കാറുകളും ബൈക്കുകളും ഭാഗികമായി കത്തിനശിച്ചു. ഒരു മുറിയിൽ കുടുങ്ങിയ പെൺകുട്ടിയെ വൈദ്യുതി പൂർണമായി വിച്ഛേദിച്ച ശേഷം ഏണി ഉപയോഗിച്ചാണ് രക്ഷപ്പെടുത്തി. മുറിയിലെ എസിയും വയറിംഗും കത്തി നശിച്ചു.
സൗത്ത് മേൽപ്പാലത്തിനടിയിലുള്ള ആക്രി ഗോഡൗണിലാണ് രണ്ടാമതായി തീപിടിത്തം ഉണ്ടായത്. സിനിമാ നിർമാതാവ് രാജു ഗോപിയുടെ ഉടമസ്ഥതയിൽ ഉള്ളതാണ് ഈ ഗോഡൗൺ. പുലർച്ചെയോടെയായിരുന്നു സംഭവം. ഈ സമയം കെട്ടിടത്തിനുള്ളിൽ ഒൻപത് തൊഴിലാളികൾ ഉണ്ടായിരുന്നു. ഇവരെ രക്ഷപ്പെടുത്തി. നാല് മണിക്കൂറോളം നീണ്ട പ്രയത്‌നത്തിനൊടുവിലാണ് തീ നിയന്ത്രണ വിധേയം ആക്കിയത്. തീ പിടിത്തത്തെ തുടർന്ന് ട്രെയിൻ ഗതാഗതം നിർത്തിവച്ചു. സമീപത്തെ വീട്ടുകാരെയും പോലീസ് എത്തി ഒഴിപ്പിച്ചു. ഗോഡൗണിന് പിൻവശത്ത് നിന്നാണ് തീ പടർന്നതെന്നാണ് പോലീസ് അറിയിക്കുന്നത്. സംഭവത്തിൽ വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
Discussion about this post